പുലർച്ചെ വീട് ഇടിഞ്ഞു വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മുത്തശ്ശിയും കൊച്ചുമക്കളും

ഭിത്തികൾ ഇടിഞ്ഞ് 2 മുറികളും അതിന്റെ മേൽക്കൂരയുമാണ് തകർന്നു വീണത്.

നരിയാപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് വയലവാക്കടവ് വിളയിലെ മുത്തശ്ശിയും കൊച്ചുമക്കളും. വയലാവടക്ക് വിളയിൽ രമാദേവിയുടെ വീടാണ് ഇന്നലെ പുലർച്ചെ 4.30ന് തകർന്നു വീണത്. ഇഷ്ടിക കെട്ടി ഓട് ഇട്ട 2 മുറിയുള്ള പഴയവീടായിരുന്നു ഇത്. ജീർണിച്ച മേൽക്കൂര ചോരാതിരിക്കാൻ മുകളിൽ ടാർപോളിൻ വലിച്ചു കെട്ടിയ നിലയിലായിരുന്നു ഈ വീട്. മഴക്കാലത്ത് കൂടുതൽ ദുർബലമായ വീടിന്റെ ഭിത്തികൾ ഇടിഞ്ഞ് 2 മുറികളും അതിന്റെ മേൽക്കൂരയുമാണ് തകർന്നു വീണത്.

മുത്തശ്ശി സരസമ്മ (75), രമാദേവിയുടെ മക്കളായ അനീഷ് (18), ഉമേഷ് (17) എന്നിവർ ഒറ്റമുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. പുലർച്ചെ വലിയ ശബ്ദത്തോടെ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീഴുമ്പോൾ ഇവർ മൂന്നുപേരും നല്ല ഉറക്കത്തിലായിരുന്നു. കഴുക്കോലും പട്ടികയും ഓടുമെല്ലാം ഇവരുടെ ദേഹത്താണ് വീണത്. ഉമേഷിന്റെ നെഞ്ചത്തേക്കാണ് ഫാൻ വീണത്.

ശബ്ദം കേട്ട് എതിർവശത്തുള്ള മഠത്തിലേത്ത് സുശീലനും വീട്ടുകാരും ഓടി എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. രമാദേവിയുടെ ഭർത്താവ് ഗോപാലകൃഷ്ണൻ നായർ 17 വർഷം മുൻപ് മരണപ്പെട്ടു. ഹൃദ്രോഗം പിടിപെട്ട രമാദേവി കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. ശോച്യാവസ്ഥയിലായ വീടിന്റെ പുനരുദ്ധാരണത്തിന് സഹായം തേടി രമാദേവി പലതവണ വള്ളിക്കോട് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നെങ്കിലും അറ്റകുറ്റപ്പണിക്കു പോലും സഹായം ലഭിച്ചില്ലെന്ന് സരസമ്മ പറഞ്ഞു.

Exit mobile version