സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ല; തൃപ്തി ദേശായി

ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ ഇവരെ അനുവദിക്കില്ലെന്നാണ് ബിജെപി നേതാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരുടെ നിലപാട്

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ താനടക്കമുള്ളവര്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പോലീസും ഒരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു.

ശബരിമല ദര്‍ശനം നടത്താതെ തിരിച്ചുപോകില്ല. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 4.45 നാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. അതിനകം തന്നെ പ്രതിഷേധവുമായി ഒരു സംഘമാളുകള്‍ വിമാനത്താവളത്തിനു പുറത്ത് തടിച്ചു കൂടിയിരുന്നു. ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ ഇവരെ അനുവദിക്കില്ലെന്നാണ് ബിജെപി നേതാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരുടെ നിലപാട്. യാത്രക്കാര്‍ പുറത്തു കടക്കുന്ന വഴിയില്‍ മാത്രമല്ല കാര്‍ഗോ നീക്കം ചെയ്യുന്ന മാര്‍ഗം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

അതേസമയം തൃപ്തി ദേശായിക്ക് പോകാന്‍ വാഹനങ്ങളൊന്നും ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സിക്കാരില്‍ ആരും തന്നെ വരാന്‍ തയാറായിട്ടില്ല. പ്രതിഷേധം ഭയന്നാണ് ആരും എത്താത്തത്. അതിനിടെ ഓണ്‍ലൈന്‍ ടാക്സി തൃപ്തി വിളിച്ചെങ്കിലും അവരും യാത്രയ്ക്ക് തയ്യാറായില്ല.

Exit mobile version