രണ്ടാം ബാല്യത്തിൽ അക്ഷരങ്ങളോട് കൂട്ടുകൂടി ഈ മുത്തശ്ശി; വയനാട്ടിലെ സാക്ഷരതാ ക്ലാസിൽ താരമായി പടച്ചിക്കുന്ന് കോളനിയിലെ കെമ്പി

മുപ്പൈനാടു ഗ്രാമ പഞ്ചായത്തിലെ 18 വയസുള്ള ശാന്തയാണ് പ്രായം കുറഞ്ഞ സാക്ഷരതക്കാരി.

വയനാട്: സംസ്ഥാനത്തെ സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങളിൽ അഭിമാനിക്കാം. വാർധക്യത്തിലും അക്ഷരങ്ങളോട് കൂട്ടുകൂടുന്ന ഒരു ജനതയെയാണ് സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴിൽ വാർത്തെടുക്കുന്നത്. കേരളത്തിൽ നടത്തിയ സാക്ഷരതാ പരീക്ഷയിൽ വയനാട്ടിലെ ആദിവാസികളിൽ നിന്നും പരീക്ഷയെഴുതി പാസായത് 2,993 പേർ.

മാനന്തവാടിയിലെ പടച്ചിക്കുന്ന് കോളനിയിലെ 85 വയസുള്ള കെമ്പിയാണ് കേരളത്തിൽ രണ്ടാംഘട്ട സാക്ഷരതാ പരീക്ഷയെഴുതിയ ഏറ്റവും പ്രായം കൂടിയ വ്യക്തി. മുപ്പൈനാടു ഗ്രാമ പഞ്ചായത്തിലെ 18 വയസുള്ള ശാന്തയാണ് പ്രായം കുറഞ്ഞ സാക്ഷരതക്കാരി.

സാക്ഷരത മിഷൻ സംഘടിപ്പിച്ച ക്ലാസുകളിൽ പങ്കെടുക്കുകയും ആദ്യ ഘട്ടവും രണ്ടാം ഘട്ടവും പരീക്ഷയുമെഴുതി പാസായവരുടെ എണ്ണം 7302 ആയി വർധിച്ചതായി സാക്ഷരത മിഷൻ അധികൃതർ പറഞ്ഞു. 3,090 പേരാണ് വയനാട്ടിൽ രണ്ടാം ഘട്ട പരീക്ഷയെഴുതിയത്. 98.9 ശതമാനം പേരും വിജയിച്ച പരീക്ഷയിൽ ഭൂരിഭാഗവും വനിതകളാണ്. 812 പേർ വിജയിച്ച കൽപ്പറ്റ ബ്ലോക്കാണ് മുന്നിൽ.

100 മാർക്കിലാണ് പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കുന്നത്. പ്രധാനമായും 30 മാർക്കിന് വായന, 40മാർക്കിന് എഴുത്തപരീക്ഷ, 30 മാർക്കിന് കണക്ക് എന്നിങ്ങനെയാണ് പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കുക. 30 മാർക്കാണ് പരീക്ഷാർത്ഥികൾക്ക് ജയിക്കാൻ വേണ്ടത്.

Exit mobile version