സംഘപരിവാര്‍ ഭീഷണി: ‘ഒരു ചായക്കടക്കാരന്റെ മന്‍ കീ ബാത്’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മുടങ്ങി; എന്തുവന്നാലും നാളെ പ്രദര്‍ശനമെന്ന് സംവിധായകന്‍

ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ‘ഒരു ചായക്കടക്കാരന്റെ മന്‍ കീ ബാത്’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മുടങ്ങി. ഡല്‍ഹി കേരള ക്ലബ്ബില്‍ ഇന്ന് വൈകീട്ട് നടക്കാനിരുന്ന പ്രദര്‍ശനമാണ് മുടങ്ങിയത്.

പോസ്റ്റര്‍ പ്രചാരണം നടത്തുകയും സ്‌ക്രീനിങ്ങിനേക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു. സ്‌ക്രീനിങ്ങ് സമയമടുത്തപ്പോള്‍ സംഘ്പരിവാര്‍ ഭീഷണിയുണ്ടെന്നും പിന്മാറുകയാണെന്നും കേരള ക്ലബ്ബ് അറിയിച്ചു. സ്‌ക്രീന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും നേരിട്ടെത്തി തടസപ്പെടുത്തുമെന്നും ആര്‍എസ്എസ് തറപ്പിച്ച് പറഞ്ഞതോടെയാണ് കേരള ക്ലബ്ബ് പിന്മാറിയത്.

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സാനു കുമ്മിലാണ് സംവിധാനം. നോട്ട് നിരോധനം ഒരു സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റം പ്രമേയമാക്കിയ ഡോക്യുമെന്ററിയാണ്’ ഒരു ചായക്കടക്കാരന്റെ മന്‍ കി ബാത്’. കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌ക്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ സിനിമയാണ്.

ചിത്രം ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കാനായി മറ്റ് മാര്‍ഗങ്ങള്‍ നോക്കുകയാണെന്ന് സംവിധായകന്‍ സാനു കുമ്മില്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലോ കേരള ഹൗസിലോ സ്‌ക്രീനിങ്ങ് സാധ്യമാകുമോയെന്ന് അന്വേഷിക്കുകയാണ്. കേരള സര്‍ക്കാരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു. എന്തുവന്നാലും നാളെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്ത് ഭീഷണിയുണ്ടായാലും ആക്രമണമുണ്ടായാലും പിന്മാറാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര് മുന്നോട്ടുവന്നാലും ഞങ്ങള്‍ തയ്യാറാണ്. ആരും വന്നില്ലെങ്കിലും ഏതെങ്കിലും വീട്ടില്‍ പ്രദര്‍ശിപ്പിക്കും. എന്ത് ഭീഷണിയുണ്ടായാലും ആക്രമണമുണ്ടായാലും പിന്മാറാന്‍ ഒരുക്കമല്ല. എതിര്‍ക്കും തോറും കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

Exit mobile version