തിരുവോണം ബംപർ ഇത്തവണ ആറുപേർക്ക്; ഉത്തരവാദിത്വമില്ലെന്ന് സർക്കാർ; ഇനി പ്രത്യേക നടപടിക്രമങ്ങൾ

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ തന്നെ അപൂർവമാണ് ഇക്കാര്യങ്ങൾ.

കൊല്ലം: ഇത്തവണ കേരള ലോട്ടറിയുടെ തിരുവോണം ബംപറിന്റെ വിജയിയായി ഒരാൾക്ക് പകരം ആറ് പേരെത്തിയതോടെ വെട്ടിലായത് ലോട്ടറി വകുപ്പ് കൂടിയാണ്. നിലവിലെ ലോട്ടറി വകുപ്പിന്റെ നിയമമനുസരിച്ച് ആറ് പേർക്കും സമ്മാനം വീതിച്ച് അക്കൗണ്ടിലേക്ക് നൽകാനാവില്ല.

ഇതോടെ കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറു ജീവനക്കാർ വിജയികളായതോടെ ഇനിയുള്ളതു പ്രത്യേക നടപടിക്രമങ്ങൾ. മുൻപു രണ്ടു പേർ വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോൾ ആറു പേരെത്തിയതോടെയാണു പ്രത്യേക നടപടി ക്രമങ്ങൾ ആവശ്യമായി വരുന്നത്. വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്കു തുക കൈമാറൽ സാധിക്കാത്തതിനാൽ, 6 പേർ ചേർന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കുകയാണു വേണ്ടത്. നിലവിലുള്ള തീരുമാനം അനുസരിച്ച് ടിക്കറ്റ് വാങ്ങാൻ മുൻകയ്യെടുത്ത തൃശ്ശൂർ പറപ്പൂർ പുത്തൂർ വീട്ടിൽ പിജെ റോണിയെയാണ് സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്.

ടിക്കറ്റ് ഏൽപ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറൽ ബാങ്ക് ശാഖയിൽ റോണിക്ക് അക്കൗണ്ടുള്ളതും കാര്യങ്ങൾ എളുപ്പമാക്കും. തുക റോണിയുടെ അക്കൗണ്ടിൽ എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് സംഘത്തിന്റെ തീരുമാനം. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ തന്നെ അപൂർവമാണ് ഇക്കാര്യങ്ങൾ.

എന്നാൽ, ഇക്കാര്യങ്ങളിലൊന്നും ലോട്ടറി വകുപ്പിന് ഉത്തരവാദിത്വം ഉണ്ടായിരിക്കില്ല. ചുമതലക്കാരനെ കണ്ടെത്തി നൽകേണ്ടതും വിവരങ്ങൾ കൃത്യമായി കൈമാറേണ്ടതും വിജയികളുടെ മാത്രം ചുമതലയാണ്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ ആറുപേരാണ് തിരുവോണം ബംപറടിച്ച ആ ഭാഗ്യവാന്മാർ. റോണി, വിവേക്, രതീഷ്, സുബിൻ, റംജി, രാജീവൻ എന്നിവരെയാണ് തിരുവോണം ബംപർ കോടീശ്വരന്മാരാക്കിയിരിക്കുന്നത്.

TM160869 – എന്ന ഒന്നാം സമ്മാനമടിച്ച ടിക്കറ്റും ഒപ്പം മറ്റൊരു ടിക്കറ്റും ഈ ആറുപേരും 600 രൂപ കൊടുത്ത് വാങ്ങിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കൂട്ടുചേർന്ന് വാങ്ങിച്ച ഈ ടിക്കറ്റുകളൊന്ന് ഇത്രവലിയ ഭാഗ്യം കൊണ്ടുവരുമെന്ന് അവരും കരുതിയിരുന്നില്ല. ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റാണിത്.

Exit mobile version