മര്യാദയ്ക്കാണെങ്കില്‍ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം, അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കഴിയാം: അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിക്കാര്‍ക്കെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ല. മര്യാദയ്ക്ക് ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കാം. അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരും.

അഴിമതി പഴങ്കഥയല്ല. ഇന്നും ഒരു പുതിയ കഥ വന്നിരിക്കുന്നുവെന്നും മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പേരെടുത്തുപറയാതെ മുഖ്യമന്ത്രി പാലായില്‍ പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും അന്വേഷണ സംഘം കടന്നേക്കുമെന്നാണ് സൂചന. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം അറസ്റ്റിലേക്ക് കടന്നേക്കും. അറസ്റ്റിന് മുന്‍പ് നിയമോപദേശം തേടും.

പാലം നിര്‍മാണത്തിന് ആര്‍ഡിഎക്‌സ് പ്രൊജക്ട്‌സ് കമ്പനിക്ക് പലിശയില്ലാതെ മുന്‍കൂറായി പണം നല്‍കിയതില്‍ ഇബ്രാഹിംകുഞ്ഞിനടക്കം പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. നിര്‍മാണ കമ്പനിയുടെ ഓഫീസില്‍ നിന്ന് കണ്ടെത്തിയ ബാങ്ക് രേഖകളാണ് കേസില്‍ നിര്‍ണായകമായത്.

Exit mobile version