റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ മറ്റൊരു ബൈക്ക് കയറിയിറങ്ങി; തിരിഞ്ഞ് നോക്കാതെ ബൈക്ക് യാത്രക്കാര്‍; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവ് ബൈക്കിടിച്ച് മരിച്ചു. ഇടിച്ചു വീഴ്ത്തിയ ബൈക്ക് നിര്‍ത്താതെ പോയി. പരിക്കേറ്റ് റോഡില്‍ കിടന്ന ഇയാളുടെ ശരീരത്തിലൂടെ മറ്റൊരു ബൈക്കും കയറിയിറങ്ങി. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം.

ചേവായൂര്‍ സ്വദേശി ഷാജിബാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഷാജിബിനെ ബൈക്കിടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ ശരീരത്തിലൂടെ മറ്റൊരു ബൈക്കും കയറിയിറങ്ങി. ഈ ബൈക്കുകാരനും ഒരു ദയയും കാണിക്കാതെ നിര്‍ത്താതെ പോവുകയായിരുന്നു.

റോഡില്‍ രക്തം വാര്‍ന്ന് കിടന്ന ഷാജിബിനെ പിന്നീട് റോഡരികിലുണ്ടായിരുന്നവര്‍ ആംബുലന്‍സില്‍ കയറ്റി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഷാജിബ് ഇന്ന് രാവിലെയാണ് മരിച്ചത്.

ആദ്യം ബൈക്കിടിച്ചപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ ബൈക്ക് ഷാജിബിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version