വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കൈയ്യേറ്റം ചെയ്ത സംഭവം; വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കും

പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കൂട്ട അവധിയെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ വ്യക്തമാക്കി.

തിരുവനന്തപുരം: വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. സംഭവത്തില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിക്കല്‍ ആശുപത്രിയില്‍ എത്തിയ രോഗിയുടെ ബന്ധുക്കള്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത്. ശസ്ത്രക്രിയ ആവശ്യമായ രോഗിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കൂട്ട അവധിയെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ വ്യക്തമാക്കി. അന്നേ ദിവസം ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഒരുമണിക്കൂര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചിരുന്നു.

അതേസമയം സംഭവത്തില്‍ ഡോക്ടര്‍ക്ക് അനുകൂലമായാണ് പോലീസ് ഇടപെടുന്നതെന്നാണ് ബന്ധുക്കളുടെ പരാതി. അത്യാസന്ന നിലയിലെത്തിയ രോഗിക്ക് ചികിത്സ നല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് രോഗിയുടെ ബന്ധുക്കള്‍ പറയുന്നത്.

Exit mobile version