റോഡ് നന്നാക്കിയില്ല; അട്ടപ്പാടി ചുരത്തില്‍ കാളവണ്ടി വലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

പാലക്കാട്: റോഡ് നന്നാക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അട്ടപ്പാടി ചുരത്തില്‍ കാളവണ്ടി വലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആനമൂളി ചെക്‌പോസ്റ്റ് മുതല്‍ മുക്കാലി വരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

മണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നിട്ട് മാസങ്ങളായി. ഇതിനു പുറമെ കനത്ത മഴയില്‍ റോഡില്‍ മണ്ണിടിഞ്ഞത് കാരണം ദിവസങ്ങളോളം പ്രദേശത്തെ ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. മണ്ണുനീക്കി പാത തുറന്നു കൊടുത്തതല്ലാതെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ അധികൃതര്‍ നടത്തിയിരുന്നില്ല. ഇതോടെ ഇതുവഴിയുള്ള യാത്ര ദുര്‍ഘടം പിടിച്ചതായി. ഇതേ തുടര്‍ന്നാണ് കാളവണ്ടി വലിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്.

അതേസമയം 82 കോടിരൂപ ചെലവിട്ട് പാത ഉടന്‍ തന്നെ നന്നാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവിടെ പാര്‍ശ്വഭിത്തി കെട്ടിയതല്ലാതെ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനവും ഇതുവരെ നടന്നിട്ടില്ല. മഴ മാറിയാല്‍ ഉടനെ പണികള്‍ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം സമരത്തിന്റെ അടുത്തഘട്ടം ഉടന്‍ തന്നെ ഉണ്ടാകുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Exit mobile version