കാശ്മീരിനെ പാക്കിസ്ഥാന്റേതാക്കി ഇന്ത്യയുടെ ഭൂപടം; വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ജന്മഭൂമി പത്രം

കൊച്ചി: കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചതില്‍ മാപ്പ് പറഞ്ഞ് ഖേദം പ്രകടിപ്പിച്ച് ബിജെപി മുഖപത്രം ജന്മഭൂമി. സെപ്റ്റംബര്‍ 13-ാം തിയതിയിലെ എഡിറ്റോറിയല്‍ പേജില്‍ അരവിന്ദ് പുന്നപ്ര എഴുതിയ ‘അഫ്ഗാനിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍’ എന്ന ലേഖനത്തോടൊപ്പം ജന്മഭൂമി ചേര്‍ത്ത ഇന്ത്യന്‍ ഭൂപടത്തിലാണ് കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കിയത്.

അത്യന്തം ഗൗരവകരമായ സംഭവത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ശനിയാഴ്ച പത്രാധിപര്‍ നിലപാട് പേജിലൂടെ മാപ്പ് പറഞ്ഞ് രംഗത്തുവന്നത്. സംഭവം സാമൂഹിക മാധ്യമങ്ങളിലും പാര്‍ട്ടി ഗ്രൂപ്പുകളിലും വിവാദമായ പശ്ചാത്തലത്തിലാണ് പത്രം ഖേദ പ്രകടനവുമായി രംഗത്തുവന്നത്. അതേസമയം വിവാദമായ ഭൂപടം ഇപ്പോഴും പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ ലഭ്യമാണ്.

പാക് അധിനിവേശ കശ്മീരിനെ തിരിച്ച് പിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോഡി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം എന്ന് കേന്ദ്രമന്ത്രിമാര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബിജെപി മുഖപത്രത്തിന് പിഴവ് സംഭവിച്ചത്.

അതേസമയം ഇന്ത്യയുടെ ഭൂപടത്തെക്കുറിച്ച് അടിസ്ഥാനവിവരം പോലുമില്ലാത്തവരാണോ പത്രത്തിന്റെ എഡിറ്റോറിയല്‍ കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനവും സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

‘സംഭവിച്ച പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നു, പാക് അധിനിവേശ കശ്മീരില്ലാത്ത ഭൂപടം ചേര്‍ക്കാനിടയായത് മനഃപൂര്‍വമല്ലാത്ത തെറ്റാണ്’- എന്നാണ് പത്രാധിപര്‍ ശനിയാഴ്ച്ച പത്രത്തില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

Exit mobile version