മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് 13 കമ്പനികള്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറായി 13 കമ്പനികള്‍ രംഗത്ത്. കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്. ഇതില്‍ നിന്ന് ഒരു കമ്പനിയെ വിദഗ്ധസംഘം തീരുമാനിക്കും.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യമുള്ള കമ്പനികളില്‍നിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

അതേസമയം, പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകുകയാണ് നഗരസഭ. ചൊവ്വാഴ്ച മൂന്നുമണിക്ക് മുന്‍പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് മുന്നറിയിപ്പുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫ്‌ലാറ്റുകളില്‍ നോട്ടീസ് പതിച്ചു.

ഫ്‌ളാറ്റുകള്‍ പൊളിക്കാനായി 30 കോടി രൂപയാണ് അടിസ്ഥാന ചെലവായി കണക്കാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് നഗരസഭയുടെ തീരുമാനം. വിദഗ്ധസംഘത്തെ നിയോഗിച്ച് കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. മാത്രമല്ല, 30 കോടി രൂപയെന്ന ഭീമമായ തുക നഗരസഭയ്ക്ക് താങ്ങാനാകില്ലെന്നും സര്‍ക്കാരിനെ അറിയിക്കും.

Exit mobile version