ശിരോവസ്ത്രവും ചെരിപ്പും കോടാലിയും കണ്ടുവെന്ന് അന്ന് മൊഴി, ഇന്ന് ശിരോവസ്ത്രം മാത്രമാണ് കണ്ടതെന്ന് മൊഴി; അഭയ കേസ് വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി

അഭയ കേസില്‍ വിചാരണയ്ക്കിടെ മുന്‍പ് നാലു സാക്ഷികള്‍ കൂറുമാറിയിരുന്നു.

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റില്‍ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നായിരുന്നു ആനി ജോണ്‍ മുന്‍പ് നല്‍കിയ മൊഴി. എന്നാല്‍ ഇപ്പോള്‍ ശിരോവസ്ത്രം മാത്രം കണ്ടുവെന്നാണ് നല്‍കിയിരിക്കുന്ന മൊഴി.

അഭയ കേസില്‍ വിചാരണയ്ക്കിടെ മുന്‍പ് നാലു സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു സാക്ഷി കൂടി കൂറുമാറിയത്. 2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.

1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993-ലാണ് സിബിഐ ഏറ്റെടുത്തത്.

Exit mobile version