സമയപരിധി അവസാനിച്ചു; മരട് ഫ്‌ളാറ്റുകളിൽ നിന്നും ആരും ഒഴിഞ്ഞില്ല; ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് ഫ്‌ളാറ്റ് നിർമ്മാതാക്കൾ; കോടതിയിൽ പോകുമെന്ന് ഉടമകൾ

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപാർട്ട്‌മെന്റ്, ആൽഫ വെഞ്ച്വേഴ്‌സ് എന്നീ നിർമ്മാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ച് കത്ത് നൽകി.

കൊച്ചി: അനധികൃതമായിനിർമ്മിച്ച മരടിലെ ഫ്‌ളാറ്റുകളിൽ നിന്നും ഒഴിഞ്ഞുപോകുന്നതിനായി ഫ്‌ളാറ്റ് ഉടമകൾക്ക് നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച അവസാനിച്ചെങ്കിലും ആരും ഫ്‌ളാറ്റ് ഒഴിഞ്ഞില്ല. തീരദേശപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഈമാസം ഇരുപതിനകം പൊളിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ അഞ്ചുദിവസത്തിനുള്ളിൽ ഫ്‌ളാറ്റ് ഒഴിയാൻ നഗരസഭ ഉടമകൾക്ക് നോട്ടീസ് നൽകി. എന്നാൽ, ഒഴിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് താമസക്കാർ.

ഫ്‌ളാറ്റുകൾ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും ഫ്‌ളാറ്റ് നിർമ്മാതാക്കൾ നിലപാടെടുത്തതോടെ ഫ്‌ളാറ്റുടമകൾ വലഞ്ഞിരിക്കുകയാണ്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപാർട്ട്‌മെന്റ്, ആൽഫ വെഞ്ച്വേഴ്‌സ് എന്നീ നിർമ്മാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ച് കത്ത് നൽകി.

പദ്ധതിയുമായി ബന്ധമില്ല. നിലവിലെ ഉടമസ്ഥരാണ് കരമടയ്ക്കുന്നത്. അതിനാൽ ഉടമസ്ഥാവകാശവും അവർക്കാണ്. നഗരസഭ തങ്ങൾക്ക് നോട്ടീസ് നൽകിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിർമ്മാതാക്കൾ പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഒഴിഞ്ഞ് പോകില്ലെന്നുമാണ് അതേസമയം ഉടമകളുടെ നിലപാട്.

സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹർജിയുടെ സാധ്യത സർക്കാർ പരിശോധിക്കുകയാണ്.ഇതിനായി സോളിസിറ്റർ ജനറലിന്റെ നിയമോപദേശം തേടും. ഫ്‌ളാറ്റ് ഒഴിപ്പിക്കൽ വിഷയത്തിൽ അടുത്തഘട്ടത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് മരട് നഗരസഭാ സെക്രട്ടറി എം മുഹമ്മദ് ആരിഫ് ഖാനും പറയുന്നു. ഇതിനിടെ, സാഹചര്യങ്ങൾ വിലയിരുത്താനും പരിഹാരത്തിന് നിർദേശം തേടിയും സർക്കാർ സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മൂന്നരയ്ക്ക് തിരുവനന്തപുരത്താണ് യോഗം.

Exit mobile version