മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധം: എന്‍സിപിയില്‍ കൂട്ടരാജി, 42 പേര്‍ പാര്‍ട്ടി വിട്ടു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ എന്‍സിപിയില്‍ കൂട്ട രാജി. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു. മാണി സി കാപ്പന് സ്ഥാനാര്‍ത്ഥിത്വം നല്കിയതില്‍ പ്രതിഷേധിച്ചാണ് ഉഴവൂര്‍ വിജയന്‍ അനുകൂലികള്‍ രാജി വെച്ചത്. രാജിക്കത്ത് എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്ക് കൈമാറി.

മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ എന്‍സിപി നേതൃത്വം ഇവരെ കേള്‍ക്കാതെ വന്നതോടെയാണ് രാജിയിലേക്ക് ഇവര്‍ എത്തിയത്.

അതേസമയം രാജി വെച്ചത് പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നാണ് മാണി സി കാപ്പന്‍ വിഭാഗം പറയുന്നത്.

Exit mobile version