ആർഎസ്എസ് വന്ധ്യംകരണം നടപ്പാക്കാനാണോ ആഗ്രഹിക്കുന്നത്; എന്നാൽ നിയമം കൊണ്ടുവരൂ; മോഡിയോട് മന്ത്രി നവാബ് മാലിക്

മുംബൈ: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ രാജ്യത്ത് ഉടൻ തന്നെ രണ്ടു കുട്ടി നയം നടപ്പിലാക്കണമെന്ന പ്രസ്താവനയ്ക്ക് എതിരെ മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യമന്ത്രി നവാബ് മാലിക് രംഗത്ത്. ആർഎസ്എസ് വന്ധ്യംകരണ ശസ്ത്രക്രിയ നിർബന്ധപൂർവം നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതിനുള്ള നിയമം കൊണ്ടുവരട്ടെയെന്ന് എൻസിപി നേതാവ് കൂടിയായ നവാബ് മാലിക് പറഞ്ഞു.

മോഹൻ ഭാഗവത് രണ്ടുകുട്ടി നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയാണ്. മറ്റുള്ള സംസ്ഥാനങ്ങളിലെന്നപോലെ മഹാരാഷ്ട്രയ്ക്ക് ഇക്കാര്യത്തിൽ നിരവധി നിയമങ്ങൾ ഉണ്ട്. മഹാരാഷ്ട്രയിൽ മൂന്നാമതൊരു കുട്ടിയുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. എന്നിട്ടും മോഹൻ ഭാഗവത് വന്ധ്യംകരണം നിർബന്ധപൂർവം നടപ്പിലാക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ പ്രധാനമന്ത്രി മോഡി അത്തരമൊരു നിയമം നടപ്പിലാക്കട്ടെ. എന്നിട്ട് ജനങ്ങളെ അതിന് വിധേയരാക്കട്ടെയെന്നും മാലിക് പറഞ്ഞു.

മുമ്പ് വന്ധ്യംകരണം നടപ്പിലാക്കിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടതാണ്. നമുക്ക് നോക്കാം എങ്ങനെയാണ് ഈ നിയമം പാസാകുന്നതെന്ന്, അദ്ദേഹം വെല്ലുവിളിച്ചു. സർക്കാർ ഇത്തരം കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാതെ വിദ്യാഭ്യാസമേഖലയിൽ കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറാകുകയാണ് വേണ്ടെതെന്നും മാലിക് അഭിപ്രായപ്പെട്ടു.

Exit mobile version