ലഹരിക്കേസില്‍ ചാരന്മാര്‍ പിന്നാലെ : പരാതി നല്‍കി എന്‍സിബി ഉദ്യോഗസ്ഥര്‍

മുംബൈ : നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ചാരന്മാര്‍ തങ്ങളെ പിന്തുടരുന്നതായി മഹാരാഷ്ട്ര പോലീസ് മേധാവിക്ക് പരാതി നല്‍കി എന്‍സിബി ഉദ്യോഗസ്ഥര്‍. ക്രൂസ് ആഡംബരക്കപ്പലിലെ ലഹരിമരുന്ന കേസ് അന്വേഷിക്കുന്ന എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുത്ത ജയ്‌നുമാണ് പരാതി നല്‍കിയിരിക്കുന്നത്.

ചിലര്‍ തന്റെ നീക്കങ്ങളെ നിരീക്ഷിക്കുന്നതായാണ് വാങ്കഡെയുടെ പരാതിയില്‍ പറയുന്നത്. ഇദ്ദേഹം സ്ഥിരം പോകാറുള്ള, അമ്മയെ അടക്കം ചെയ്ത സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന രണ്ടുപേര്‍ കൈപ്പറ്റിയതായി എന്‍സിബി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇക്കാര്യത്തില്‍ കാര്യമായി പ്രതികരിക്കാതിരുന്ന വാങ്കഡെ ചാരന്മാര്‍ തങ്ങളെ പിന്തുടരുന്നത് അതീവഗൗരവമേറിയ കാര്യമാണെന്ന് അറിയിച്ചു.മുത്ത ജെയ്‌നും സംഭവത്തില്‍ കാര്യമായ പ്രതികരണം നല്‍കാന്‍ തയ്യാറായില്ല. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ലഹരിമരുന്ന് കേസില്‍ തിങ്കളാഴ്ചയും ആര്യന്‍ ഖാന് ജാമ്യം ലഭിച്ചില്ല. ഇത് മൂന്നാം തവണയാണ് ആര്യന് ജാമ്യം നിഷേധിക്കപ്പെടുന്നത്. ബുധനാഴ്ച നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കും .

കഴിഞ്ഞയാഴ്ചയാണ് ആഡംബരക്കേസിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനും സുഹൃത്ത് അര്‍ബ്ബാസ് മെര്‍ച്ചന്റുമുള്‍പ്പടെ എട്ടുപേരെ എന്‍സിബി അറസ്റ്റ് ചെയ്തത്. മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട എന്‍സിബി ആര്യന്റെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ നിലപാട് അറിയിക്കണമെന്നാണ് കോടതി ഉത്തരവ്.

Exit mobile version