പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിരാഹാരമിരുന്ന പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് നേരെ ആക്രമണം; ആക്രമിച്ചത് ആര്‍എസ്എസ് ആണെന്ന് സ്വാമി

മുഞ്ചിറ മഠംത്തില്‍ നിലവില്‍ സേവാഭാരതി ബാലസദനം നടത്തുകയാണ്.

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിരാഹാരമിരുന്ന പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് നേരെ ആക്രമണം. ക്ഷേത്രത്തിലെ മുഞ്ചിറ മഠം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ഒരാഴ്ചയായി പുഷ്പഞ്ജലി സ്വാമിയാരായ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ നിരാഹാരമിരുന്നത്. തന്നെ ആക്രമിച്ചതിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സ്വാമി ആരോപിച്ചു.

മുഞ്ചിറ മഠംത്തില്‍ നിലവില്‍ സേവാഭാരതി ബാലസദനം നടത്തുകയാണ്. പൂജയ്ക്കായി എത്തിയ തന്നെ സേവാഭാരതി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും മഠംത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടായിരുന്നു ഇദ്ദേഹം നിരാഹാരസമരം നടത്തിയത്. ഇന്നലെയാണ് പന്തല്‍ കെട്ടി സമരം ആരംഭിച്ചത്. രാത്രിയോടെ ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെത്തി സമരപന്തല്‍ പൊളിച്ചെന്ന് സ്വാമി പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാമിയാരെ പോലീസ് സുരക്ഷയോടെ ക്ഷേത്രത്തിലെ കിഴക്കേ മഠത്തിലേക്ക് മാറ്റി. വീണ്ടും ക്ഷേത്രനടയില്‍ സത്യഗ്രഹം തുടങ്ങുമെന്ന് സ്വാമിയാര്‍ അറിയിച്ചു. ബാലസദനം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുഞ്ചിറ മഠത്തിന്റെ പേരിലുള്ളതാണെന്ന് വ്യക്തമാക്കി തഹസീല്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തിങ്കളാഴ്ച കളക്ര്‍ നിശ്ചയിച്ച ഹിയറിങ് നടക്കാനാരിക്കെയാണ് സ്വാമിക്ക് നേരെ ആക്രമണമുണ്ടായത്.

Exit mobile version