പ്രളയകാലത്ത് സർക്കാർ പ്രവർത്തനം മികച്ചത്; എൽഡിഎഫിനെ വാഴ്ത്തി അബ്ദുൾ വഹാബ്; നടപടി എടുക്കണമെന്ന് ബഷീറലി ശിഹാബ് തങ്ങൾ; പിന്നാലെ എംപിയുടെ ഖേദപ്രകടനവും

വിഷയം സംസ്ഥാന നേതൃത്വം ചർച്ചചെയ്യണമെന്നും ബഷീറലി തങ്ങൾ ആവശ്യപ്പെട്ടു.

മലപ്പുറം: പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പ്രവർത്തനം മികച്ചതായിരുന്നെന്ന് പറഞ്ഞ മുസ്ലിംലീഗ് രാജ്യസഭാ എംപി പിവി അബ്ദുൾവഹാബിനെതിരെ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ. എൽഡിഎഫ് സർക്കാരിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയവർ ആരും പാർട്ടിക്ക് അതീതരല്ലെന്നും വിഷയം സംസ്ഥാന നേതൃത്വം ചർച്ചചെയ്യണമെന്നും ബഷീറലി തങ്ങൾ ആവശ്യപ്പെട്ടു.

എൽഡിഎഫ് സർക്കാരിനെ ഒരു ലീഗ് എംപി പ്രകീർത്തിച്ച വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും ബഷീറലി തങ്ങൾ ആവശ്യപ്പെട്ടു. വിവാദത്തിൽ പിവി അബ്ദുൾവഹാബ് എംപി വിശദീകരണം നൽകിയതിനു പിന്നാലെയായിരുന്നു ബഷീറലി തങ്ങളുടെ വിമർശനം. അതേസമയം, നിലമ്പൂർ പോത്തുകല്ലിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾമാത്രം അടർത്തിയെടുത്ത് ഗൂഢലക്ഷ്യത്തോടെ പ്രചരിപ്പിച്ചെന്നാണ് പിവി അബ്ദുൾവഹാബിന്റെ നിലപാട്.

പരാമർശങ്ങൾ മുസ്ലിംലീഗ് പ്രവർത്തകർക്ക് വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സർക്കാർസംവിധാനങ്ങൾ കഴിഞ്ഞവർഷത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞ അതേ, പ്രസംഗത്തിൽ സംസ്ഥാനസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version