പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ചു, പിഴ അടക്കാന്‍ പറഞ്ഞപ്പോള്‍ അടച്ചില്ല; പിടിച്ചു തള്ളി..! യുവാവിനെ മര്‍ദ്ദിച്ച എസ്‌ഐയുടെ വിശദീകരണം

കണ്ണൂര്‍: പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ച യുവാവിനെ മയ്യില്‍ എസ്‌ഐ കയ്യേറ്റം ചെയ്തു. എന്നാല്‍ പിഴ അടക്കാന്‍ പറഞ്ഞപ്പോള്‍ യുവാവ് ഇപ്പോള്‍ പണമില്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് എസ്‌ഐയുടെ കൈയ്യേറ്റം. സംഭവത്തില്‍ വിശദീകരണവുമായി ഉദ്യോഗസ്ഥന്‍ രംഗത്തെത്തി. പ്രകോപനം ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയപ്പോഴാണ് പിടിച്ചു തള്ളിയതെന്ന് എസ്‌ഐ പറഞ്ഞു. പണം ഉണ്ടായിട്ടും പിഴ അടക്കാന്‍ യുവാവ് തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

പിഴയടയ്ക്കാന്‍ ഇപ്പോള്‍ പണമില്ലെന്ന് യുവാവ് പറയുമ്പോള്‍ കഴുത്തിന് പിടിച്ചു തള്ളുകയും തല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

പൊതുസ്ഥലത്ത് വഴിയോരത്ത് ഇരുന്ന് സിഗരറ്റ് വലിച്ചതിനാണ് എസ്‌ഐ രാഘവന്‍ യുവാവിനെ പിടികൂടുന്നത്. തുടര്‍ന്ന് പിഴയടയ്ക്കണമെന്ന് പറഞ്ഞു. കൈയില്‍ പണമില്ലാത്ത കാര്യം പറഞ്ഞെങ്കിലും പിഴ അപ്പോള്‍ തന്നെ നല്‍കണമെന്ന വാശിയിലായിരുന്നു എസ്‌ഐ. പണം പിന്നീട് അടയ്ക്കാമെന്ന് യുവാവ് പറയുമ്പോള്‍ എസ്‌ഐ ദേഹത്ത് കൈവെച്ചു.

ഇതോടെ തന്റെ ദേഹത്ത് കൈവെയ്ക്കരുതെന്ന് യുവാവ് പറയുമ്പോഴാണ് തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത്. വീണ്ടും വാക്കുതര്‍ക്കം തുടര്‍ന്നു. പിഴ എഴുതിയ ശേഷം തിരിച്ച് വണ്ടിയില്‍ കയറിയ ശേഷം വീണ്ടും ഇറങ്ങി വന്ന് യുവാവിനെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയിലുണ്ട്. യുവാവിന്റെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്.

Exit mobile version