ലൈറ്റ് മെട്രോ ടെക്‌നോപാര്‍ക്കിലേയ്ക്ക്; സാധ്യത പഠിക്കാന്‍ നാറ്റ്പാക്

ടെക്‌നോപാര്‍ക്കിലൂടെ ലൈറ്റ് മെട്രോ വന്നാല്‍ കഴക്കൂട്ടം മേഖലയിലെ ഗതാഗതപ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ഇവരുടെയും പ്രതീക്ഷ.

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ടെക്‌നോപാര്‍ക്ക് വരെയാക്കാനുള്ള സാധ്യതാ പഠനം നടത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ടെക്‌നോപാര്‍ക്ക് വരെയാക്കാനുള്ള സാധ്യതാ പഠനം നടത്താനാണ് ഇപ്പോള്‍ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഇതേ കുറിച്ച് പഠനം നടത്തുവാന്‍ നാറ്റ്പാകിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ പരമാവധി ഒഴിവാക്കി പദ്ധതി ടെക്‌നോപാര്‍ക്കുമായി എങ്ങനെ ബന്ധിപ്പിക്കാം എന്നതിനെ കുറിച്ചാണ് പഠനം നടത്തുന്നത്.

കരമന മുതല്‍ പള്ളിപ്പുറം വരെയുളള നിലവിലെ ലൈറ്റ് മെട്രോ റൂട്ട് കഴക്കൂട്ടം ടൗണ്‍ വഴിയാണ് കടന്നു പോകുന്നത്. ഈ സ്റ്റേഷനില്‍ നിന്നും ടെക്‌നോപാര്‍ക്കിലേക്ക് ഒരു കിലോമീറ്ററിലേറെ ദൂരം വരും. ഒന്നുകില്‍ അലൈന്‍മെന്റ് ടെക്‌നോപാര്‍ക്ക് വഴിയാക്കുക. അല്ലെങ്കില്‍ നിലവിലെ പാതയ്ക്ക് പുറമേ ടെക്‌നോപാര്‍ക്കിലേക്ക് പ്രത്യേക പാത നിര്‍മ്മിക്കുക എന്നീ രണ്ട് സാധ്യതകളാണ് നാറ്റ്പാകിന്റെ പരിഗണനയില്‍ ഉള്ളത്.

നാറ്റ്പാക് പഠനം രണ്ട് മാസത്തിനകം പൂര്‍ത്തിയായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ 60,000ത്തിലേറെ പേരാണ് പലവിഭാഗങ്ങളിലായി ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നത്. ടെക്‌നോപാര്‍ക്കിലൂടെ ലൈറ്റ് മെട്രോ വന്നാല്‍ കഴക്കൂട്ടം മേഖലയിലെ ഗതാഗതപ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ഇവരുടെയും പ്രതീക്ഷ.

Exit mobile version