പതിമൂന്നുകാരിയെ തനിച്ച് റോഡില്‍ ഇറക്കിവിട്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു

തൃശ്ശൂര്‍: പതിമൂന്നുകാരിയെ തനിച്ചാക്കി റോഡില്‍ ഇറക്കിവിട്ട സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തൃശൂര്‍ ജില്ലാ പോലീസ് മേധാവിയും ആര്‍ടിഒയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. റിപ്പോര്‍ട്ടുകള്‍ കിട്ടിയശേഷം തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

മൈത്രി എന്ന സ്വകാര്യ ബസാണ് പെണ്‍കുട്ടിയോട് ക്രൂരമായി പെരുമാറിയത്. ഇടപ്പള്ളിയില്‍ നിന്നും കോട്ടയ്ക്കലിലേക്ക് യാത്ര ചെയ്യുകയായിരുന്നു രണ്ട് മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം. ഗുരുവായൂരില്‍ എത്തിയപ്പോള്‍ മാതാപിതാക്കള്‍ കൈക്കുഞ്ഞുമായി ശുചിമുറിയിലേക്ക് പോയി. മൂത്ത മകളെ സീറ്റിലിരുത്തിയിട്ടായിരുന്നു ഇത്.

യാത്രക്കാര്‍ മടങ്ങിയെത്തും മുമ്പ് ബസ് യാത്ര തിരിച്ചു. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് കണ്ടക്ടര്‍ അറിഞ്ഞത് കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോഴാണ്. വിവരം അറിഞ്ഞയുടനെ കണ്ടക്ടര്‍ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് റോഡില്‍ ഇറക്കിവിടുകയായിരുന്നു.

കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിക്കാനുള്ള സന്മനസ് കണ്ടക്ടര്‍ കാണിച്ചില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അപ്രകാരം ചെയ്തിരുന്നെങ്കില്‍ ഓരോ സ്റ്റേഷനിലും ഒരു ജുവനൈല്‍ പോലീസ് ഓഫീസര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കുട്ടിയെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കാമായിരുന്നു. ബസ് ജീവനക്കാരുടെ നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു

ബസ് ജീവനക്കാരുടെ നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പികെ രാജു നല്‍കിയ പരാതിയിലാണ് നടപടി.

Exit mobile version