ശരത്തിന് ഓണസമ്മാനമായി വീടും പറമ്പും നല്‍കി പാണക്കാട് തങ്ങള്‍ കുടുംബം

മലപ്പുറം: കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ട ശരത്തിന് ഇനി പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ തണല്‍. ശരത്തിന് ഓണസമ്മാനമായി വീടും പറമ്പും നല്‍കി പാണക്കാട് തങ്ങള്‍ കുടുംബം നന്മയുടെ പുതിയ വെളിച്ചം പകരുന്നത്.

ചൊവ്വാഴ്ച സയ്യിദ് ഹൈദരലി തങ്ങളുടെ വസതിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. പാണക്കാട് പട്ടര്‍കടവ് ഭാഗത്താണ് ശരത്തിന് ആറ് സെന്റ് ഭൂമി ദാനമായി നല്‍കിയത്. അത്യാവശ്യ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന വീടിന്റെ പണികള്‍ ആറു മാസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു.

ഓഗസ്റ്റ് ഒന്‍പതിനുണ്ടായ മലവെള്ളപ്പാച്ചിലാണ് ശരത്തിന്റെ അമ്മയെയും പ്രിയതമയെയും ഒന്നരവയസുള്ള കുഞ്ഞിനെയുമാണ് എന്നെന്നേക്കുമായി ഇല്ലാതാക്കിയത്. ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടമായ ശരത്തിനൊപ്പം അച്ഛന്‍ സത്യനും ഇളയ സഹോദരന്‍ സജിനും മാത്രമാണുള്ളത്.

ശിഹാബുദ്ദീന്‍ കുടുംബ കൂട്ടായ്മയുടെ സംരഭങ്ങളിലൊന്നാണ് പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും പല വീടുകളും നഷ്ടമാകുകയും കേടുപാടുകള്‍ വരികയും ചെയ്തപ്പോള്‍ ശിഹാബുദ്ദീന്‍ കുടുംബം ഇടപെടുകയും നിര്‍മ്മാണ പ്രവര്‍ത്തനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രളയത്തിലും വിവിധ സ്ഥലങ്ങില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും തങ്ങള്‍ കുടുംബം മുന്നോട്ട് വന്നിരുന്നു.

ചടങ്ങില്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നടത്തി. സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീര്‍ അലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ഉബൈദുല്ല, എം.എല്‍.എ, എ.പി. ഉണ്ണികൃഷ്ണന്‍, കുഞ്ഞാപ്പു തങ്ങള്‍, മുത്തുപ്പ തങ്ങള്‍, സ്വാലിഹ് തങ്ങള്‍ കോഴിക്കോട് എന്നിവര്‍ പങ്കെടുത്തു.

Exit mobile version