ഒരാഴ്ച മുഴുവന്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കില്ല; പ്രചാരണം വ്യാജമെന്ന് അധികൃതര്‍

അതെസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സെപ്തംബര്‍ എട്ടുമുതല്‍ സെപ്തംബര്‍ 15 വരെയാണ് അവധി.

കൊച്ചി: ഓണം അടക്കമുള്ള അവധികളെ തുടര്‍ന്ന് സെപ്തംബര്‍ എട്ട് ഞായറാഴ്ച മുതല്‍ 15 വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കുമെന്ന പ്രചാരണം വ്യാജമെന്ന് അധികൃതര്‍. ഒരാഴ്ച തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെഎസ് രമേഷ് പറഞ്ഞു.

സെപ്തംബര്‍ ഒമ്പത്, 12 തീയതികളില്‍ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓണ അവധികള്‍ പ്രമാണിച്ച് ഒരാഴ്ച ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നിരുന്നു. ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയാണ് അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത്.

അതെസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സെപ്തംബര്‍ എട്ടുമുതല്‍ സെപ്തംബര്‍ 15 വരെയാണ് അവധി. സെപ്തംബര്‍ ഒന്‍പതിന് മുഹറം, 10ന് ഉത്രാടം, പതിനൊന്നിന് തിരുവോണം, പന്ത്രണ്ടിന് മൂന്നാം ഓണം, പതിമൂന്നിന് ശ്രീനാരായണ ഗുരു ജയന്തി, പതിനാലിന് രണ്ടാം ശനി, സെപ്തംബര്‍ 15 ഞായര്‍ എന്നിങ്ങനെയാണ് അവധി.

Exit mobile version