വില വര്‍ധന അനിവാര്യം; സംസ്ഥാനത്ത് പാലിന് അഞ്ച് മുതല്‍ ഏഴുവരെ രൂപ കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ

നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേയ്ക്കും. ലിറ്ററിന് അഞ്ച് രൂപ മുതല്‍ ഏഴു രൂപ വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. വില വര്‍ധന അനിവാര്യമെന്നാണ് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വര്‍ധിപ്പിക്കാന്‍ സാധിക്കുകയൊള്ളൂ. വില വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ വെള്ളിയാഴ്ച വകുപ്പ് മന്ത്രിയുമായി മില്‍മ അധികൃതര്‍ ചര്‍ച്ചനടത്തും. ഇതിനുശേഷമായിരിക്കും വര്‍ധിപ്പിക്കാനുള്ള തീരുമാനം എടുക്കുക.

2017ലാണ് പാല്‍വില അവസാനമായി കൂട്ടിയത്. അന്ന് നാല് രൂപയാണ് വര്‍ധിപ്പിച്ചത്. ആ തുക കര്‍ഷകനാണ് ലഭിച്ചതും. അതുപോലെ ഇത്തവണയും വര്‍ധിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് തന്നെയാണ് ഗുണമാവുന്നതെന്ന് മില്‍മ ബോര്‍ഡ് പറയുന്നു. സര്‍ക്കാര്‍ ഫാമുകളില്‍ ഇതിനകം പാല്‍ വില കൂടിയിട്ടുണ്ട്. ഫാമുകളില്‍ നാലുരൂപ വര്‍ധിച്ച് 46 രൂപയാണ് പുതിയ നിരക്ക്.

Exit mobile version