മിൽമ റിച്ച് പാലിന്റെ രണ്ടു രൂപ വിലവർധന പിൻവലിച്ചു; സ്മാർട്ട് പാലിന്റെ വില വർധനവിൽ മാറ്റമില്ലെന്നും മന്ത്രി

തിരുവനന്തപുരം: മിൽമയുടെ പച്ചക്കവറിൽ വിൽക്കുന്ന റിച്ച് പാലിന്റെ വിലവർധന പിൻവലിച്ചതായി ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. റിച്ച് പാലിന് വില വർധിപ്പിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. എന്നാൽ, മഞ്ഞ കവറിലുള്ള സ്മാർട് പാലിന്റെ വർധിപ്പിച്ച വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു.

നേരത്തെ റിച്ച് പാലിന് ലിറ്ററിന് രണ്ടുരൂപ വർധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനമാണ് പിൻവലിച്ചത്. കഴിഞ്ഞ ഡിസംബറിൽ റിച്ച് പാലിന് ആറു രൂപ വർധിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിലവിലെ വർധന പിൻവലിക്കാൻ മിൽമയോട് നിർദേശിച്ചത്.

കഴിഞ്ഞ തവണ വിലവർധിപ്പിച്ചപ്പോൾ സ്മാർട്ട് പാലിന് നാലുരൂപയായിരുന്നു കൂട്ടിയത്. ഇത് ഏകീകരിക്കാനാണ് രണ്ടുരൂപ കൂടി വർധിപ്പിച്ചതെന്നു മന്ത്രി അറിയിച്ചു.

also read- സൂര്യാഘാതമേറ്റ് മരിച്ചവർക്ക് അഞ്ച് ലക്ഷം, മൂന്ന് മണിക്കൂർ വെയിലത്തിരുന്നാൽ 10 ലക്ഷം നൽകാം; അമിത് ഷായെ വെല്ലുവിളിച്ച് എംപി

കൂടാതെ, പാൽ വില വർധിപ്പിക്കാനുള്ള തീരുമാനം സർക്കാരിനെ അറിയിക്കാതിരുന്നത് മിൽമയുടെ വീഴ്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിലനിശ്ചയിക്കാനുള്ള അധികാരം മിൽമയ്ക്കാണെങ്കിലും സർക്കാരിന്റെ അംഗീകാരം വാങ്ങണമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. എന്തെങ്കിലും മാറ്റമുണ്ടാകുമ്പോൾ അറിയിക്കേണ്ടത് മിൽമയുടെ ചുമതലയാണ്. അതിൽ വീഴ്ചയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെയും നീല കവറിലുള്ള പാലിന് വില കൂട്ടിയിട്ടിയിരുന്നില്ല.

Exit mobile version