മുത്തൂറ്റ് സമരം: മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മാനേജ്‌മെന്റ് പ്രതിനിധികള്‍

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മുത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍. തിരുവനന്തപുരത്ത് മൂന്ന് മണിക്ക് മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് മനേജ്‌മെന്റ് രണ്ടേമുക്കാലോടെ അറിയിക്കുകയായിരുന്നു. സിഐടിയു നേതാക്കള്‍ മാത്രമാണ് ചര്‍ച്ചക്ക് എത്തിയത്. സര്‍ക്കാരിന് തുറന്ന സമീപനമാണ് ഉള്ളതെന്നും ഒന്‍പതാം തീയതി കോട്ടയത്ത് ചര്‍ച്ച നടത്തുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍

സംസ്ഥാനത്തെ 15 ശാഖകള്‍ പൂട്ടുന്നുവെന്ന് മുത്തൂറ്റ് പത്രപരസ്യം നല്‍കിയിരുന്നു. ഇത് മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദ തന്ത്രമാണെന്നും ഇതിന് വഴങ്ങില്ലെന്നും സിഐടിയു നേതൃത്വം പ്രതികരിച്ചു.

സംസ്ഥാനത്തെ 10 റീജിയണുകളിലായി മുത്തൂറ്റിന്റെ മുന്നൂറോളം ശാഖകളിലാണ് സിഐടിയു സമരം പുരോഗമിക്കുന്നത്. തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പള വര്‍ധനവ് തുടങ്ങിയവയാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ജീവനക്കാരുമായി മുത്തൂറ്റ് മാനേജ്‌മെന്റ് ചര്‍ച്ചകള്‍ക്ക് തയാറിയിട്ടില്ല.

സമരം തുടര്‍ന്നാല്‍ മൂന്നൂറോളം ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 15 ബ്രാഞ്ചുകള്‍ അടച്ച് പൂട്ടിയതായി കാണിച്ച് മാനേജ്‌മെന്റ് ഇന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയത്. തൊഴിലാളികളുടെ അവകാശം നേടിയെടുക്കും വരെ സമരം തുടരുമെന്ന് സിഐടിയു നേതാക്കള്‍ പറഞ്ഞു.

Exit mobile version