മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ശാഖയില്‍ മോഷണം; പതിനാറ് കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

സ്ഥാപനത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി അറിയാവുന്നവരാണ് ഈ മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം

ബംഗളൂരു: മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ശാഖയില്‍ മോഷണം. ലിംഗരാജപുരത്തുള്ള ശാഖയിലാണ് മോഷണം നടന്നത്. സ്ഥാപനത്തില്‍ നിന്ന് എഴുപത് കിലോയോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നാണ് പരാതി. ഏകദേശം പതിനാറ് കോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ് മോഷണം പോയിരിക്കുന്നത്. ഞായാറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.

ലോക്കറുകള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ്. സ്ഥാപനത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി അറിയാവുന്നവരാണ് ഈ മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണം വിവരം ആദ്യം അറിഞ്ഞത്.

അതേസമയം കഴിഞ്ഞ ദിവസം ബീഹാറിലെ ഹാജിപൂരിലെ മുത്തൂറ്റ് ഫിനാന്‍സ് കോ ബ്രാഞ്ചിലും മോഷണം നടന്നിരുന്നു. മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സ്ഥാപനത്തില്‍ നിന്ന് 55 കിലോ സ്വര്‍ണ്ണവുമായി അക്രമികള്‍ കടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഏഴ് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

Exit mobile version