ശമ്പളവര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചു; മുത്തൂറ്റ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു. ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. സമരത്തിന്റെ അമ്പതാം ദിവസമാണ് സമരം അവസാനിപ്പിച്ചത്.

പിരിച്ചുവിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കും. 41 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, താല്‍ക്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചു.

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയത്. ഇത്രയും ജീവനക്കാര്‍ 50 ദിവസം സമരം ചെയ്തിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും യാതൊരു അനുകൂല നിലപാടും ഉണ്ടായിട്ടില്ല എന്ന് സമരക്കാര്‍ ഉയര്‍ത്തുന്ന പരാതി ഉയര്‍ന്നിരുന്നു.

മാനേജ്‌മെന്റും ജീവനക്കാരുമായുള്ള പ്രശ്‌ന പരിഹാരത്തിന് മൂന്നു തവണ മധ്യസ്ഥചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ വട്ടചര്‍ച്ച ഒത്തു തീര്‍പ്പാകാതെ പിരിയുകയായിരുന്നു.

Exit mobile version