കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും ജോസ് ടോം പത്രിക നല്‍കും; ചോദ്യചിഹ്നമാവുന്നത് ‘രണ്ടില’

അതേസമയം രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകുമെന്ന പ്രതീക്ഷയും ജോസി ടോം പങ്കുവെച്ചിരുന്നു

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയിലുമാണ് നേതാവ് പത്രിക സമര്‍പ്പിക്കുക. രണ്ടില ചിഹ്നത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെയാണ് രണ്ട് തരത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കും സ്വതന്ത്ര ചിഹ്നം ചോദിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്കും പത്രികകള്‍ നല്‍കുമെന്ന് ജോസ് അറിയിച്ചു. അതേസമയം രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകുമെന്ന പ്രതീക്ഷയും ജോസി ടോം പങ്കുവെച്ചിരുന്നു. ഇതിനായുള്ള തുടര്‍നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിഹ്നത്തിന്റെ പേരില്‍ പിജെ ജോസഫുമായുള്ള പ്രശ്‌നം യുഡിഎഫ് ഇടപെട്ട് തീര്‍ക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയും പ്രതികരിച്ചിരുന്നു. രണ്ടില ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഈ വിഷയത്തില്‍ ആരുമായും തര്‍ക്കത്തിനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Exit mobile version