പിണറായി വിജയന്റെ നാൽപ്പതാം വിവാഹവാർഷികം ഇന്ന്; ആഘോഷങ്ങളില്ല; പ്രളയകാലത്ത് പ്രസക്തിയില്ലെന്നും കമല ടീച്ചർ

വിവാഹിതരാകുമ്പോൾ പിണറായി വിജയൻ കൂത്തുപറമ്പ് എംഎൽഎയും കമല തലശ്ശേരി സെന്റ് ജോസഫ് സ്‌കൂൾ അധ്യാപികയുമായിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ജീവിത സഖി കമല ടീച്ചർക്കും ഇന്ന് നാൽപ്പതാം വിവാഹവാർഷികം. 1979 സെപ്തംബർ 2നാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ സഖാവ് പിണറായി വിജയൻ തന്റെ പത്‌നിയായി ജീവിതത്തിലേക്ക് ക്ഷണിച്ചത്. വിവാഹിതരാകുമ്പോൾ പിണറായി വിജയൻ കൂത്തുപറമ്പ് എംഎൽഎയും കമല തലശ്ശേരി സെന്റ് ജോസഫ് സ്‌കൂൾ അധ്യാപികയുമായിരുന്നു.

അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ പേരിലാണ് വിവാഹ ക്ഷണക്കത്ത് ഇറക്കിയത്. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ കാർമികത്വത്തിലാണ് തലശ്ശേരി ടൗൺ ഹാളിൽ വെച്ച് ലളിതമായി വിവാഹം നടന്നത്. എംവി രാഘവൻ ഉൾപ്പെടെ നിരവധി സിപിഎം നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ചായയും ബിസ്‌കറ്റുമായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികൾക്ക് നൽകിയത്.

അതേസമയം, ഇത്തവണ എന്നല്ല, വിവാഹവാർഷികം ഒന്നും ആഘോഷിക്കുന്ന പതിവില്ലെന്ന് കമല ടീച്ചർ പറയുന്നു. ഇന്നത്തെ ദിവസം എന്നത്തേതും പോലെ സാധാരണ ദിവസം തന്നെയാണെന്നാണ് ടീച്ചറുടെ വാക്കുകൾ. ചിലർ ആശംസകൾ അറിയിച്ചപ്പോഴാണ് വിവാഹ വാർഷികമാണെന്ന് ഓർമ്മ വന്നത്. പിറന്നാളുകളോ വിവാഹ വാർഷികങ്ങളോ തങ്ങൾ ആഘോഷിക്കാറില്ലെന്നും കമല പറഞ്ഞു.

‘വിജയേട്ടൻ കണ്ണൂരിലാണ്, ഞാൻ തിരുവനന്തപുരത്തും. രണ്ട് മക്കളും നാട്ടിലില്ല. ആഘോഷങ്ങളോട് വിജയേട്ടന് താത്പര്യമില്ല. പ്രളയദുരന്തത്തിനിടയിൽ ആഘോഷങ്ങൾക്ക് പ്രസക്തിയില്ല’- കമല ടീച്ചർ പ്രതികരിച്ചതായി റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version