ബസ് യാത്രക്കിടെ വീട്ടമ്മ പാതികഴിച്ച വടയാണെന്ന് കരുതി 12 പവന്‍ സ്വര്‍ണ്ണം പുറത്തേയ്‌ക്കെറിഞ്ഞു; പരിഭ്രാന്തി

കോട്ടയത്തു നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയതാണ് കൗലത്ത്

കോഴിക്കോട്: രാമനാട്ടുകരയില്‍ ബസ് യാത്രക്കിടെ വീട്ടമ്മ 12 പവന്‍ സ്വര്‍ണ്ണം പുറത്തേയ്‌ക്കെറിഞ്ഞു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൈതക്കുന്നം വീട്ടില്‍ കൗലത്തിനാണ് ഈ അബന്ധം പറ്റിയത്. കോട്ടയത്തു നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയതാണ് കൗലത്ത്. വീട്ടുജോലിയെടുത്ത് ജീവിക്കുന്ന കൗലത്ത് ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണ്ണം തിരിച്ചെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

പാതി കഴിച്ച വടയാണെന്ന് കരുതി താന്‍ എടുത്ത് പുറത്തേയ്ക്ക് എറിഞ്ഞത് 12 പവന്‍ സ്വര്‍ണ്ണമാണ്. സ്വര്‍ണ്ണം നഷ്ടപ്പെടാതിരിക്കാന്‍ കവറില്‍കെട്ടി കടലാസില്‍ പൊതിഞ്ഞിരിക്കുകയായിരുന്നു. രാത്രി ഒമ്പതോടെ രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്കടുത്തെത്തിയതോടെ വടയാണെന്ന് കരുതി കടലാസില്‍ പൊതിഞ്ഞ സ്വര്‍ണ്ണം പുറത്തേക്ക് എറിയുകയായിരുന്നു.

ബസ് അല്‍പ്പം മുന്നോട്ട് നീങ്ങിയതിന് ശേഷമാണ് കൗലത്തിന് അബന്ധം മനസിലായത്. തുടര്‍ന്ന് വീട്ടമ്മ ഉച്ചത്തില്‍ നിലവിളിക്കുന്നത് കണ്ട് യാത്രക്കാര്‍ ചോദിച്ചപ്പോഴാണ് കാര്യം മനസിലായത്. ഉടന്‍ ബസ് നിര്‍ത്തി കൗലത്തും ചെറുവണ്ണൂര്‍ ഇറങ്ങേണ്ട ഒരു യാത്രക്കാരനും ഇറങ്ങി തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് കാര്യം അറിഞ്ഞ് പ്രദേശത്തെ ഓട്ടോഡ്രൈവര്‍മാരും തിരച്ചിലിന് ഇറങ്ങി.

സ്വര്‍ണ്ണം ലഭിക്കാതിരുന്നതോടെ തൊട്ടടുത്തുള്ള ഫറോക്ക് പോലീസ് സ്റ്റേഷനില്‍ എത്തി കാര്യം പറഞ്ഞു. തുടര്‍ന്ന് പോലീസുകാരും തിരച്ചിലിന് ഇറങ്ങി. 45 മിനിറ്റോളം നീണ്ട തിരച്ചിലിന് ഒടുവില്‍ പൂവന്നൂര്‍ പള്ളിക്കടുത്ത് ഡിവൈഡറിന് സമീപത്തുവെച്ച് ഓട്ടോഡ്രൈവര്‍ കള്ളിത്തൊടി കണ്ണംപറമ്പത്ത ജാസിറിന് സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ക്ക് ശേഷം സ്വര്‍ണ കൗലത്തിന് കൈമാറി.

Exit mobile version