ഉച്ചയോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി; ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ല; സ്ഥാനാർത്ഥി ഇന്നില്ലെന്ന് പിജെ ജോസഫ്; തർക്കം രൂക്ഷം

ജോസ് കെ മാണിയെ തള്ളി പിജെ ജോസഫ് രംഗത്തെത്തി.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിലെ തർക്കം പരിഹരിക്കാനാകാത്തതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപിക്കാനാകാതെ യുഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ജോസ് കെ മാണിയെ തള്ളി പിജെ ജോസഫ് രംഗത്തെത്തി.

പാലായിലെ സ്ഥാനാർത്ഥിത്വം ഇന്ന് ഉണ്ടാകില്ലെന്നാണ് പിജെ ജോസഫിന്റെ നിലപാട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആരെങ്കിലും ഏകപക്ഷീയമായ തീരുമാനം എടുത്താൽ അംഗീകരിക്കാൻ ആകില്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. എല്ലാരും കൂടി ചർച്ച ചെയ്ത് ജയസാധ്യതയുള്ള ആളെയാണ് സ്ഥാനാർത്ഥിയാക്കുന്നത്. പാലായിൽ കടുത്ത മത്സരമാണെന്ന വിലയിരുത്തലുള്ള സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്നും നിഷാ ജോസിനെ സ്ഥാനാർത്ഥിയാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പിജെ ജോസഫ് പറഞ്ഞു.

എന്നാൽ, പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ഥാനാർത്ഥി നിർണയത്തിന് തോമസ് ചാഴിക്കാടൻ എംപി അധ്യക്ഷനായ കേരള കോൺഗ്രസ് എം രൂപവത്കരിച്ച സമിതി പാർട്ടി ഘടകങ്ങളായും നേതാക്കളുമായും നടത്തുന്ന ചർച്ചയുടെ ആദ്യഘട്ടം പൂർത്തിയായെന്നും ഇന്ന് ഉച്ചയോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നുമാണ് ജോസ് കെ മാണി പ്രതികരിച്ചത്. ചിഹ്നത്തിന്റെ കാര്യം ശുഭമായി അവസാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചത്. പിജെ ജോസഫുമായും ജോസ് കെ മാണിയുമായും ചർച്ച നടത്തുമെന്നും പ്രശ്നങ്ങളെല്ലാം ഇന്ന് പരിഹരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Exit mobile version