സംസ്ഥാനത്തെ ഫയര്‍ഫോഴ്സിന് ഇനി മുതല്‍ പുതിയ പ്രതിരോധ കുപ്പായം

തിരുവനന്തപുരം: സംസ്ഥാനത്തെ ഫയര്‍ഫോഴ്‌സിന് കാക്കി യൂണിഫോമില്‍ നിന്ന് മോചനം. സേനാംഗങ്ങള്‍ക്ക് പുതിയ സുരക്ഷാ യൂണിഫോം നല്‍കി. പൊള്ളല്‍ ഏല്‍ക്കാതെ തീ അണയ്ക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും സഹായിക്കുന്ന ഫയര്‍ ഫൈറ്റിംഗ് സ്യൂട്ടാണ് എല്ലാ ഫയര്‍മാന്‍മാര്‍ക്കും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

തീ അണയ്ക്കുമ്പോള്‍ കാലുകള്‍ക്കും കൈകള്‍ക്കും പൊള്ളലേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന ഗംബൂട്ടും കൈയ്യുറകളും, തലയും മുഖവും പൂര്‍ണ്ണമായും സംരക്ഷിക്കുന്ന ഹെല്‍മെറ്റ് എന്നിവയാണ് പുതിയ സുരക്ഷാ യൂണിഫോമില്‍ ഉള്ളത്.

പുതിയ സുരക്ഷാ യൂണിഫോം ഉപയോഗിച്ച് ഇനി തീ പിടിച്ച സ്ഥലത്തിന് തൊട്ടടുത്ത് നിന്ന് തീയണക്കാന്‍ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ക്ക് സാധിക്കും. മുപ്പതിനായിരം രൂപയാണ് ഈ പുതിയ സുരക്ഷാ യൂണിഫോമിന്റെ വില. ജോലിക്കിടയില്‍ ഫയര്‍മാന്‍മാരുടെ ദേഹത്ത് പൊള്ളലേല്‍ക്കുന്നത് പതിവായതോടെയാണ് ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട് നല്‍കാന്‍ തീരുമാനിച്ചത്.

Exit mobile version