നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് നടുഭാഗം ചുണ്ടന്‍

ആലപ്പുഴ: അറുപത്തിഏഴാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം മുത്തമിട്ട് നടുഭാഗം ചുണ്ടന്‍. രണ്ടാം സ്ഥാനം ചമ്പക്കുളം ചുണ്ടന്‍ സ്വന്തമാക്കി. കാരിച്ചാല്‍ ചുണ്ടനാണ് മൂന്നാം സ്ഥാനം.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത്. 1952ന് ശേഷം ആദ്യമായാണ് നടുഭാഗം ചുണ്ടന്‍ കിരീടം സ്വന്തമാക്കുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്.

ആവേശത്തിന് ഇരട്ടി മധുരം പകരാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. പ്രളയ ദുരിതത്തില്‍ ഇരയായവര്‍ക്ക് സച്ചിന്‍ പിന്തുണ അറിയിച്ചു. പ്രളയത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പമാണ് തന്റെ മനസ്സ്. കായിക ഇനങ്ങളോട് കേരളം കാണിക്കുന്ന പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും സച്ചിന്‍ പറഞ്ഞു.

കഴിഞ്ഞ തവണ പായിപ്പാടന്‍ ചുണ്ടനായിരുന്നു ജേതാക്കള്‍.

Exit mobile version