നെഹ്രുട്രോഫി വള്ളംകളി ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കും; അല്ലു അര്‍ജ്ജുനും ബ്ലാസ്റ്റേഴ്‌സും എത്തും

ഇത്തവണ നവംബര്‍ 10 ന് നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തിന് മുഖ്യാതിഥിയായിയെത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്‍ ആണ്

ആലപ്പുഴ: പ്രളയം കാരണം മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കും. അണിയറയില്‍ അതിനായി വിപുലമായ ഒരുക്കങ്ങളാണ് ഒരുങ്ങുന്നത്. ഇത്തവണ നവംബര്‍ 10 ന് നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തിന് മുഖ്യാതിഥിയായിയെത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്‍ ആണ്. അല്ലുവിനൊപ്പം കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുമുണ്ടാകും. ഇതിനു പുറമെ മലയാളത്തിലെയും തമിഴിലേയും പ്രമുഖ സിനിമാതാരങ്ങളും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഉള്‍പ്പെടെയുള്ളവര്‍ നവംബര്‍ 10ന് നടക്കുന്ന ജലോത്സവത്തിന് വിശിഷ്ടാതിഥികളായി എത്തും.

ആഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടത്തുവാനിരുന്ന നെഹ്റുട്രോഫി ജലോത്സവത്തില്‍ സച്ചിനെ ആയിരുന്നു മുഖ്യാതിഥിയായി നിശ്ചയിച്ചത്. പ്രളയത്തെതുടര്‍ന്ന് ജലോത്സവം മാറ്റി വെച്ചപ്പോഴും നിശ്ചയിക്കുന്ന തീയതിയില്‍ എത്താമെന്ന് സച്ചിന്‍ ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ തീയതിയില്‍ സച്ചിന് അസൗകര്യം ഉള്ളത് മൂലമാണ് അല്ലു അര്‍ജ്ജുന്‍ മുഖ്യാതിഥിയായി എത്തുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തില്‍ ഉറപ്പായും എത്തുമെന്ന് സച്ചിന്‍ സംഘാടകരെ അറിയിച്ചിട്ടുണ്ട്.

പ്രളയത്തില്‍ നിന്നും കരകയറിയ കേരളത്തിനും കുട്ടനാടിനും പുതിയ ഉണര്‍വു നല്‍കുവാനും അതിജീവനത്തിന്റെ കരുത്ത് പകരുവാനും ഇത്തവണത്തെ നെഹ്റുട്രോഫി ജലോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ടൂറിസം കലണ്ടറിലെ വള്ളംകളി തീയതിയില്‍ നിന്ന് വ്യത്യാസം വരുന്നതുകൊണ്ട് വിദേശികളുടെ പങ്കാളിത്തം കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നു. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ പ്രചാരണം കൊഴുപ്പിക്കുവാന്‍ പദ്ധതിയുണ്ട്.

പ്രളയത്തിന് ശേഷം ഹൗസ്ബോട്ട് മേഖലയും ഹോട്ടല്‍ വ്യവസായവും മാന്ദ്യത്തിലാണ്. സര്‍ക്കാരില്‍ നിന്നും പുതുതായി സാമ്പത്തികസഹായം സ്വീകരിക്കാതെ തദ്ദേശിയമായി സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ഇത്തവണത്തെ വള്ളംകളി.

Exit mobile version