പാലായില്‍ ഇടതുമുന്നണിക്ക് വിജയം സുനിശ്ചിതം; മാണിയേക്കാള്‍ വലിയ എതിരാളി ഏതായാലും വരില്ലല്ലോ; മാണി സി കാപ്പന്‍

ശബരിമല വിഷയം മണ്ഡലത്തില്‍ ചര്‍ച്ചയാകില്ലെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയം: പാലായില്‍ ഇടതുമുന്നണിക്ക് വിജയം സുനിശ്ചിതമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്ക് എതിരാളി ആരായാലും കുഴപ്പമില്ലെന്നും, കെഎം മാണിയേക്കാള്‍ വലിയ എതിരാളി ഏതായാലും വരില്ലല്ലോ എന്നും മാണി സി കാപ്പന്‍ ചോദിച്ചു.

ഇത്തവണ പാലായില്‍ ഇടതുപക്ഷത്തിന് വിജയം ഉറപ്പാണ്. മണ്ഡലത്തിലെ വിശ്വാസികള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. ശബരിമല വിഷയം മണ്ഡലത്തില്‍ ചര്‍ച്ചയാകില്ലെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് മാണി സി കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസര്‍ ദില്‍ഷാദിന് മുമ്പാകെയാണ് മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചത്.

രാവിലെ പാല നഗരത്തിലെത്തി ജനങ്ങളുടെ ആശീര്‍വാദം നേടിയ ശേഷമായിരുന്നു മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സിപിഐ ജില്ലാ സി കെ ശശിധരന്‍ മറ്റ് ഇടതുനേതാക്കള്‍ തുടങ്ങിയവരും നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പാല സീറ്റ് ഇടതുമുന്നണിയില്‍ ഘടകകക്ഷിയായ എന്‍സിപിക്കാണ്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും പാലായില്‍ മാണി സി കാപ്പന്‍ ആയിരുന്നു ഇടതു മുന്നണി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 5000 ലേക്ക് കുറയ്ക്കാന്‍ മാണി സി കാപ്പന് കഴിഞ്ഞിരുന്നു. കൂടാതെ കേരള കോണ്‍ഗ്രസിലെ അനൈക്യവും ഇത്തവണ ഗുണകരമാകുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. നിലവില്‍ എന്‍സിപി സംസ്ഥാന ട്രഷറര്‍ ആണ് മാണി സി കാപ്പന്‍.

Exit mobile version