ക്ഷേത്രത്തില്‍ പാതയോരത്തോട് ചേര്‍ന്ന് കഞ്ചാവ് ചെടികള്‍; സംഭവം കേട്ട് ഞെട്ടി ഭാരവാഹികള്‍

ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ചെടികളുണ്ടായിരുന്നത്

തൃശൂര്‍: ക്ഷേത്രപറമ്പില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തൃശ്ശൂരിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്നാണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഉദ്ദേശം ഒമ്പത് (258 സെ.മി) അടിയും അഞ്ച് (168 സെ.മി) അടി ഉയരവുമുള്ള നിറയെ ശാഖകളുള്ള രണ്ട് കഞ്ചാവ് ചെടികളാണ് ഇവ. ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ചെടികളുണ്ടായിരുന്നത്.

കാടുവെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളാണ് കഞ്ചാവ് ചെടികള്‍ കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയ തൊഴിലാളികള്‍ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് ഇക്കാര്യം പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ ചെടി കഞ്ചാവ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.

ഒന്നര ആള്‍ പൊക്കത്തിലുള്ള ചെടികള്‍ തഴച്ചുവളരുകയായിരുന്നു. മുമ്പ് കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളില്‍ നിന്നുമാവാം ചെടി വളര്‍ന്നതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു. ചെടികള്‍ പിന്നീട് നശിപ്പിച്ചു.

Exit mobile version