ഉണ്ടായത് പിഎസ്‌സിയുടെ തന്നെ വിശ്വാസ്യതയെ തകർക്കുന്ന കാര്യങ്ങൾ; സമീപകാലത്തെ എല്ലാ നിയമനങ്ങളും പരിശോധിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

പരിശോധന നടത്തുന്നതിലൂടെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികൾ കാണിച്ച തട്ടിപ്പ് ഉൾപ്പടെ സമീപകാലത്ത് ഉണ്ടായ സംഭവങ്ങൾ പിഎസ്‌സി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകർത്തുവെന്ന് ഹൈക്കോടതിയുടെ വിമർശനം. അതിനാൽ, സമീപകാലത്ത് പിഎസ്‌സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്.

പരിശോധന നടത്തുന്നതിലൂടെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹൈക്കോടതി നിർദേശം മുന്നോട്ടുവെച്ചു.

കേസിലെ നാലാം പ്രതി സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി പറഞ്ഞു. നിലവിലെ അവസ്ഥ തീർത്തും നിരാശാജനകമാണ്. തട്ടിപ്പ് നടത്തി അനർഹർ പട്ടികയിൽ നുഴഞ്ഞു കയറുന്നത് തടയണം. പരീക്ഷാ ക്രമക്കേടിൽ വിപുലമായ അന്വേഷണം വേണം. ഇതിനായി സ്വതന്ത്രമായ, നിഷ്പക്ഷമായ അന്വേഷണം നടത്തുന്ന ഒരു ഏജൻസിയും വേണം – കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തെ സർക്കാരും കോടതിയിൽ ശക്തമായി എതിർത്തു.

Exit mobile version