കുടുംബത്തെ അപായപ്പെടുത്തി ഗൃഹനാഥൻ

മേസ്തിരി പണിക്കാരനായ മനോഹരൻ ജോലി കഴിഞ്ഞ് മദ്യപിച്ച്

കടുത്തുരുത്തി: മദ്യപിച്ച് ലഹരി തലയ്ക്ക് പിടിച്ചതോടെ വീടിന് തീയിട്ട് ഗൃഹനാഥന്റെ ക്രൂരത. വീടാകെ തീപിടിച്ചതോടെ ഭാര്യയും മക്കളും ജീവനും കൊണ്ടോടി. കട്ടിലും കിടക്കയും വീടിന്റെ വയറിങുൾപ്പടെയുള്ളവ തീപിടുത്തത്തിൽ കത്തി നശിച്ചു. കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ഭാഗത്തു താഴത്തു പുത്തൻതറ മനോഹരനാണ് (46) വീടിനു തീയിട്ടതെന്ന് പോലീസ് പറയുന്നു.

ഇന്നലെ രാത്രി 8.15ഓടെയായിരുന്നു സംഭവം. മേസ്തിരി പണിക്കാരനായ മനോഹരൻ ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി കിടക്കകൾക്കു തീയിടുകയായിരുന്നു. കിടക്കയിൽ നിന്നു തീ പടർന്നാണ് കട്ടിലും വയറിങ്ങും കത്തിനശിച്ചത്.

ഭാര്യ മിനിയും മക്കളും ജീവൻ ഭയന്ന് സമീപത്തെ ബന്ധുവിന്റെ വീട്ടിൽ അഭയം തേടി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുട്ടുചിറയിൽ നിന്ന് അഗ്നിശമന സേനയും കടുത്തുരുത്തി പോലീസും എത്തിയാണ് തീയണയ്ക്കാൻ ആരംഭിച്ചത്. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമനസേന ഒടുവിൽ തീയണച്ചു.

തീയിട്ടതിനു ശേഷം സ്ഥലംവിട്ട മനോഹരനെ പിടികൂടാനായില്ലെന്നു പോലീസ് പറയുന്നു. കുടുംബകലഹം പതിവായതിനെ തുടർന്ന് നൽകിയ പരാതിയിൽ മനോഹരൻ വീട്ടിൽ പ്രവേശിക്കരുതെന്നു കോടതി ഉത്തരവുള്ളതായും പോലീസ് പറഞ്ഞു.

Exit mobile version