‘യു ആര്‍ എ ഗ്രേയ്റ്റ് ഹീറോ’ ചേര്‍ത്തു നിര്‍ത്തി അദ്ദേഹം ഹീറോ എന്ന് വിളിച്ചപ്പോള്‍ അതിയായ സന്തോഷം തോന്നി; രാഹുല്‍ ഗാന്ധിയെ കുറിച്ച് നൗഷാദ്

ഈ ചിത്രം വൈറലായതോടെയാണ് വിശദീകരണവുമായി നൗഷാദ് രംഗത്ത് വന്നത്

കൊച്ചി: ‘യു ആര്‍ എ ഗ്രേയ്റ്റ് ഹീറോ’ രാഹുല്‍ ഗാന്ധി തന്നെ ചേര്‍ത്തു പിടിച്ച് ഇപ്രകാരം പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് പ്രളയകാലത്തെ ഹീറോ നൗഷാദ്. ഹീറോ എന്ന വാക്ക് ഉപയോഗിച്ച് തന്നെ അഭിസംബോധന ചെയ്തപ്പോള്‍ അതിയായ സന്തോഷം തോന്നിയെന്ന് നൗഷാദ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നൗഷാദിനെയും നൗഷാദിനെ ചേര്‍ത്തു പിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെയും ചിത്രം സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഈ ചിത്രം വൈറലായതോടെയാണ് വിശദീകരണവുമായി നൗഷാദ് രംഗത്ത് വന്നത്. ‘കോഴിക്കോട് മുക്കത്ത് നടന്ന ചടങ്ങിലേക്ക് അതിഥിയായിട്ടാണ് കോണ്‍ഗ്രസുകാര്‍ എന്നെ ക്ഷണിച്ചിരുന്നത്. ഒരു രാഷ്ട്രീയവും ഇല്ലാതെ നിറഞ്ഞ മനസോടെയാണ് ഞാന്‍ പോയത്. ചെന്നപ്പോള്‍ രാഹുലിനെ കണ്ടു. അദ്ദേഹത്തോട് സംസാരിച്ചു. പ്രളയസമയത്തെ സംഭവങ്ങളൊക്കെ അദ്ദേഹം അറിഞ്ഞിരുന്നു. എന്നെ ചേര്‍ത്ത് നിര്‍ത്തി രാഹുല്‍ പറഞ്ഞത്. ‘യൂ ആര്‍ എ ഗ്രേയ്റ്റ് ഹീറോ’ എന്നാണ്. ആ വാക്ക് വല്ലാതെ സ്പര്‍ശിച്ചു.

നമുക്ക്‌ രാഷ്ട്രീയം ഇപ്പോള്‍ വേണ്ടെന്നും, ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു. ഒരു വിജയിയെ ചേര്‍ത്ത് നിര്‍ത്തുന്നത് പോലെ എന്റെ കൈയ്യോട് അദ്ദേഹത്തിന്റെ കൈചേര്‍ത്ത് ആകാശത്തേക്ക് ഉയര്‍ത്തിയ നിമിഷം എറെ ഹൃദ്യമായിരുന്നു. അവിസ്മരണീയമായ കൂടിക്കാഴ്ചയായിരുന്നു രാഹുലുമൊത്ത്. ദയവ് ചെയ്ത് ഇതില്‍ ആരും രാഷ്ട്രീയം കലര്‍ത്തരുത്..’ നൗഷാദ് പറയുന്നു.

പെരുന്നാളിന്റെ തലേന്ന് പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് വലിയ ആശ്വാസമായിരുന്നു നൗഷാദിന്റെ കൈത്താങ്ങ്. തുണി കച്ചവടം നടത്തുന്ന നൗഷാദ് കടയിലെ തുണികളെല്ലാം വാരി ചാക്കിലാക്കി പ്രളയ ബാധിതര്‍ക്ക് നല്‍കുകയായിരുന്നു. ഈ നന്മ മലയാള മണ്ണിനെ ഒന്നടങ്കം അമ്പരപ്പിച്ചതു കൂടിയായിരുന്നു.

Exit mobile version