നൗഷാദിന് അതിഭീകരമായ സാമ്പത്തിക ബാധ്യത, താമസിക്കുന്ന വീട് പോലും പണയത്തില്‍, ഏകമകള്‍ നഷ്വയെ സംരക്ഷിക്കണം; ബ്ലെസി

പ്രമുഖ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. നൗഷാദിന്റെ ചികിത്സയ്ക്ക് വന്‍ തുകയാണ് ഇതിനോടകം ചെലവായതെന്നും താമസിക്കുന്ന വീട് പോലും മറ്റൊരാള്‍ക്ക് പണയപ്പെടുത്തിയിരിക്കുകയാണെന്നും തുറന്നുപറയുകയാണ് സുഹൃത്തും സംവിധായകനുമായ ബ്ലെസി.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം തുറന്നുപറഞ്ഞത്. ഭാര്യയുടെ മരണശേഷം നൗഷാദ് അസ്വസ്ഥനായിരുന്നുവെന്നും പിന്നാലെ നൗഷാദിന്റെ ജീവനും നഷ്ടമായെന്നും ബ്ലെസി പറഞ്ഞു. നൗഷാദും ഷീബയും പോയതോടെ ഏക മകള്‍ നഷ്വ തനിച്ചായി.

അനവധി വര്‍ഷങ്ങള്‍ കാത്തിരുന്ന് ഒരുപാട് ചികിത്സകള്‍ക്കൊടുവിലാണ് നൗഷാദിനും ഭാര്യയ്ക്കും നവ്ഷ എന്ന പെണ്‍കുഞ്ഞ് ഉണ്ടായത്. ഒരു വര്‍ഷത്തോളം ഷീബ ബെഡ്‌റെസ്റ്റില്‍ ആയിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോള്‍ അനാഥയായതെന്നും കുട്ടിക്കു താമസിക്കാന്‍ ഇടവും അവളുടെ സംരക്ഷണവുമാണ് ഇപ്പോള്‍ തങ്ങള്‍ സുഹൃത്തുക്കളുടെ ലക്ഷ്യമെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

ബ്ലെസിയുടെ വാക്കുകള്‍

‘ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒന്നര വര്‍ഷത്തിന് മുന്‍പ് നൗഷാദ് വിധേയനായിരുന്നു. അത് വെല്ലൂര്‍ ഹോസ്പിറ്റലില്‍ ആയിരുന്നു ചെയ്തത്. ആ ഓപ്പറേഷന്റെ ഭാഗമായി അവന്റെ കാലില്‍ രക്തം കട്ടപിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. അതേ രീതിയിലാണ് സംവിധായകന്‍ സച്ചിക്ക് ഇടുപ്പ് മാറ്റി വച്ചത്തിനു ശേഷം രക്തം കട്ടപിടിച്ചത്. സച്ചിക്ക് തലയില്‍ ആയിരുന്നു ക്ലോട്ട്. നൗഷാദ് എന്നോട് പറഞ്ഞത് കാലില്‍ ആയതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു എന്നാണ്. പക്ഷേ, പിന്നീട് കാലിലോട്ടുള്ള രക്തയോട്ടം കുറഞ്ഞ് കിടപ്പായി.

രണ്ടുമാസത്തെ ചികിത്സയ്ക്ക് ശേഷം നടക്കാന്‍ കഴിഞ്ഞെങ്കിലും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തില്ല. അതിന്റെ തുടര്‍ ചികിത്സക്ക് വീണ്ടും ആശുപത്രിയിലായി. അതിനു ശേഷം പതിയെ സുഖപ്പെട്ട നൗഷാദ് ബിസിനസ്സ് പുനരാരംഭിക്കണം എന്നും മറ്റു പലതും ചെയ്യണം എന്നും പറഞ്ഞിരുന്നു. അതിനെല്ലാം ഞാന്‍ പിന്തുണ കൊടുത്തു. പക്ഷേ വളരെപ്പെട്ടെന്നുതന്നെ കാലിലെ വേദന കൂടി വീണ്ടും ആശുപത്രിയിലായി. ഇന്‍ഫെക്ഷന്‍ കാലില്‍നിന്നു രക്തത്തില്‍ കലര്‍ന്ന് മറ്റു പല അവയവങ്ങളെയും ബാധിച്ചു. പതിയെ അവന്റെ അവസ്ഥ മെച്ചപ്പെട്ടു വന്നപ്പോഴാണ് ഒരു വ്യാഴാഴ്ച നൗഷാദിന്റെ ഭാര്യ കുഴഞ്ഞു വീണത്.

ആശുപത്രിയിലെത്തിച്ചെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. അവരുടെ ഖബറടക്കാന്‍ പോകുന്ന വഴി, ഐസിയുവില്‍ ആയിരുന്ന നൗഷാദിനെ ബെഡോടെ ഹാളില്‍ കൊണ്ടുവന്ന് ഭാര്യയുടെ ഭൗതിക ശരീരം കാണിച്ചിരുന്നു. അവന്‍ പ്രാര്‍ഥനയോടെ ഭാര്യ ഷീബയെ യാത്രയാക്കി. ക്രമേണ അവസ്ഥ മോശമായി അവന്റെ ജീവനും നമുക്ക് നഷ്ടമായി. അനവധി വര്‍ഷങ്ങള്‍ കാത്തിരുന്ന് ഒരുപാട് ചികിത്സകള്‍ക്കൊടുവിലാണ് നൗഷാദിനും ഭാര്യയ്ക്കും നവ്ഷ എന്ന പെണ്‍കുഞ്ഞ് ഉണ്ടായത്. ഒരു വര്‍ഷത്തോളം ഷീബ ബെഡ്‌റെസ്റ്റില്‍ ആയിരുന്നു.

അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോള്‍ അനാഥയായത്. വളരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം, അതിഭീകരമായ സാമ്പത്തിക ബാധ്യതയാണ് അവനുള്ളത്. താമസിക്കുന്ന വീട് പോലും മറ്റൊരാള്‍ക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. നൗഷാദിന്റെ ചികിത്സയ്ക്ക് വന്‍ തുകയാണ് ചെലവായത്. കുട്ടിക്കു താമസിക്കാന്‍ ഇടവും അവളുടെ സംരക്ഷണവുമാണ് ഇപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളുടെ ലക്ഷ്യം.’

Exit mobile version