മഴയും ഉരുള്‍പൊട്ടലും; നാടുകാണി ചുരത്തിലുണ്ടായ വിള്ളല്‍ വ്യാപിക്കുന്നു; ഗതാഗതം നിരോധിച്ചേക്കും

പ്രദേശത്ത് സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

ഗൂഡല്ലൂര്‍: നാടുകാണി ചുരത്തിലുണ്ടായ വിള്ളല്‍ വ്യാപിക്കുന്നു. ശക്തമായ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് റോഡിന് കുറുകെയുണ്ടായ വിള്ളലാണ് ഇപ്പോള്‍ ഏകദേശം 15 മീറ്റര്‍ നീളത്തില്‍ വ്യാപിക്കുന്നത്. അപകട സാധ്യതയേറിയതിനാല്‍ ചുരത്തിലൂടെയുള്ള ചെറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചേക്കും.

വിള്ളല്‍ വ്യാപിച്ചതോടെ ഇവിടെ മണല്‍ നിറച്ച് പ്ലാസ്റ്റിക് ചാക്കുകളിട്ട് നികത്തിയാണ് ഇതിലൂടെ ചെറുവാഹനങ്ങള്‍ കടന്നു പോകുന്നത്. എന്നാല്‍ വിള്ളല്‍ വ്യാപിച്ചതോടെ അപകട സാധ്യത കൂടുതലായതിനാലാണ് വാഹനങ്ങളുടെ ഗതാഗതം നിരോധിക്കാന്‍ ആലോചിക്കുന്നത്.

പ്രദേശത്ത് സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാടുകാണി ചുരത്തിന്റെ മൂന്ന് ഇടങ്ങളിലാണ് ഗതാഗതം നിലച്ചത്. തകരപ്പാടിയിലും, തേന്‍പാറയിലും കൂറ്റന്‍ പാറകള്‍ വീണ് ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ഇവിടെ ഗതാഗതം നിരോധിക്കുന്നതിലൂടെ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലാവുക.

Exit mobile version