മോഡി പ്രശംസയില്‍ കുടുങ്ങി തരൂര്‍; ശശി തരൂരില്‍ നിന്ന് കെപിസിസി വിശദീകരണം തേടും

വിശദീകരണം ലഭിച്ചതിനു ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉന്നത കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു.

തിരുവനന്തപുരം: നരേന്ദ്ര മോഡിയെ പ്രശംസിച്ച എംപി ശശി തരൂരിന് എതിരെ കുടുക്ക് മുറുകുന്നു. വിഷയത്തില്‍ ശശി തരൂരില്‍ നിന്ന് കെപിസിസി വിശദീകരണം തേടും. തരൂരിന്റെ മോഡി പ്രശംസയില്‍ നേതാക്കള്‍ ആവര്‍ത്തിച്ച് എതിര്‍പ്പ് അറിയിച്ചിട്ടും തിരുത്താന്‍ സന്നദ്ധനാവാത്ത സാഹചര്യത്തിലാണ് തരൂരില്‍ നിന്ന് വിശദീകരണം തേടുന്നത്. വിശദീകരണം ലഭിച്ചതിനു ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉന്നത കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു.

ശശി തരൂരിന്റെ മോഡി പ്രശംസക്ക് എതിരെ നേരത്തെ ബെന്നി ബെഹനാന്‍ എംപി, കെ മുരളീധരന്‍ എംപി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ തന്നെ ആരും പഠിപ്പിക്കേണ്ടതില്ല എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

മോഡിയെ അനുകൂലിച്ചു സംസാരിച്ച മുതിര്‍ന്ന നേതാവ് ജയറാം രമേശിനെ പിന്തുണച്ചാണ് ശശി തരൂര്‍ രംഗത്തുവന്നത്. സദാസമയവും മോഡിയെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നും പ്രധാനമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കണമെന്നുമായിരുന്നു ജയറാം രമേശ് പറഞ്ഞത്. ജയറാം രമേശ് പറഞ്ഞ കാര്യങ്ങള്‍ താന്‍ കഴിഞ്ഞ ആറു വര്‍ഷമായി പറയുന്ന കാര്യമാണെന്നായിരുന്നു തരൂര്‍ ചൂണ്ടിക്കാട്ടിയത്. നല്ലതു ചെയ്യുമ്പോള്‍ അംഗീകരിച്ചാലേ വിമര്‍ശിക്കുമ്പോള്‍ കേള്‍ക്കാന്‍ ആളുണ്ടാവൂ എന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

Exit mobile version