മണ്ണിടിച്ചില്‍; കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചേക്കും; യാത്രത്തിരക്ക് പരിഹരിക്കാനായി രണ്ടു പ്രത്യേക തീവണ്ടികള്‍

വണ്ടിഗതാഗതം തടസ്സപ്പെട്ട മംഗളൂരു-ബംഗളൂരു പാതയില്‍ ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കും കാര്‍വാറിലേക്കുമുള്ള തീവണ്ടികള്‍ ഞായറാഴ്ച രാത്രിയോടെ പുറപ്പെട്ടു

തൃശ്ശൂര്‍: മംഗളൂരു-ബംഗളൂരു പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണിടിച്ചലിനെ തുടര്‍ന്നായിരുന്നു ഗതാഗതം തടസ്സപ്പെട്ടത്. കൊങ്കണ്‍ പാതയിലൂടെ തിങ്കളാഴ്ച ഉച്ചയോടെ തീവണ്ടികള്‍ ഓടിത്തുടങ്ങാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കൊങ്കണ്‍ പാതയില്‍ മംഗളൂരുവിനുസമീപം ജോക്കട്ടെക്കും പടീലിനും ഇടയിലെ കുലശേഖരയിലാണ് മണ്ണിടിഞ്ഞത്. ഇന്ന് ഉച്ചയോടെ ഇത് നീക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. പാതയില്‍ പണികള്‍ പുരോഗമിക്കുകയാണ്. തീവണ്ടിഗതാഗതം തടസ്സപ്പെട്ട മംഗളൂരു-ബംഗളൂരു പാതയില്‍ ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കും കാര്‍വാറിലേക്കുമുള്ള തീവണ്ടികള്‍ ഞായറാഴ്ച രാത്രിയോടെ പുറപ്പെട്ടു.

തിങ്കളാഴ്ചയോടെ ഇരുദിശകളിലും സര്‍വീസ് സാധാരണ നിലയിലാകും. യാത്രത്തിരക്ക് പരിഹരിക്കാനായി രണ്ടു പ്രത്യേക തീവണ്ടികള്‍ തിങ്കളാഴ്ച കൊച്ചുവേളിയില്‍നിന്നും എറണാകുളത്തുനിന്നും യാത്രപുറപ്പെടും.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തിങ്കളാഴ്ച പുറപ്പെടേണ്ട തിരുനെല്‍വേലി-ജാംനഗര്‍ ദ്വിവാര എക്‌സ്പ്രസ് (19577), കൊച്ചുവേളി-ലോകമാന്യതിലക് ദ്വിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22114), കൊച്ചുവേളി-ചണ്ഡിഗഢ് സംപര്‍ക് ക്രാന്തി എക്‌സ്പ്രസ് (12217), എറണാകുളം-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (10216), മംഗളൂരു-മഡ്ഗാവ് പാസഞ്ചര്‍, മംഗളൂരു-മഡ്ഗാവ് ഇന്റര്‍സിറ്റി എന്നീ തീവണ്ടികള്‍ റദ്ദാക്കി.

Exit mobile version