ലഷ്‌കറിനെ സഹായിച്ചെന്ന് സംശയം; തൃശ്ശൂർ സ്വദേശിയെ കോടതിയിൽ നിന്നും നാടകീയമായി പിടികൂടി പോലീസ്; നിരപരാധിയെന്ന് യുവാവ്

അബ്ദുൾ ഖാദർ റഹീമിനെയാണ് എറണാകുളം ജില്ലാ കോടതിയിൽ നിന്നും നാടകീയമായി പോലീസ് പിടികൂടിയത്.

കൊച്ചി: കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി നൽകിയ ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ ലഷ്‌കർ ഇ ത്വയിബയിലെ അംഗങ്ങളെ സഹായിച്ചെന്ന സംശയത്തെ തുടർന്ന് തൃശ്ശൂർ സ്വദേശി പോലീസ് പിടിയിൽ. തമിഴ്‌നാട്ടിൽ എത്തിയ ലഷ്‌കർ ഇ ത്വയിബ ഭീകരരെ സഹായിച്ചെന്ന് സംശയിക്കുന്ന തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുൾ ഖാദർ റഹീമിനെയാണ് എറണാകുളം ജില്ലാ കോടതിയിൽ നിന്നും നാടകീയമായി പോലീസ് പിടികൂടിയത്.

ബഹ്‌റൈനിൽ നിന്നും ഇയാൾ കേരളത്തിലെത്തിയെന്ന വിവരത്തെ തുടർന്ന് വ്യാപകമായ തെരച്ചിലിലായിരുന്നു പോലീസ്. ഇതിനിടെയാണ് കീഴടങ്ങാനായി കോടതിയിലെത്തിയ അബ്ദുൾ ഖാദർ റഹീമിനെ പോലീസ് പിടികൂടിയത്.

താൻ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇയാൾ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. ബഹ്‌റൈനിലെ ഹോട്ടൽ ലോബിയുടെ കൈയിൽപ്പെട്ട ഒരു യുവതിയെ താൻ രക്ഷപ്പെടുത്തി നാട്ടിൽ കൊണ്ടു വന്നിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട് പോലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നുമാണ് റഹീം പറയുന്നത്. തന്നെ ബഹ്‌റൈനിൽ വച്ചു സിഐഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും റഹീം വ്യക്തമാക്കി.

ശ്രീലങ്കയിൽ നിന്നും ലഷ്‌കർ ഇ ത്വയിബ ബന്ധമുള്ള ഒരു സംഘം ആളുകൾ കോയമ്പത്തൂരിൽ എത്തിയിട്ടുണ്ടെന്നും ആളുകൾ കൂടുന്ന പ്രാർത്ഥനാലയങ്ങൾ പോലുള്ള ഇടങ്ങളിൽ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് ലഷ്‌കറുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന റഹീമിനെ പോലീസ് പിടികൂടിയത്. രണ്ട് ദിവസം മുമ്പാണ് റഹീം ഒരു യുവതിയോടൊപ്പം വിദേശത്തു നിന്നും എത്തിയത്. യുവതിക്കൊപ്പം കൊച്ചിയിൽ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പോലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ ഈ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇതിനു പിന്നാലെയാണ് ഉച്ചയോടെ റഹീം എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാൻ എത്തിയത്. തന്നെ പോലീസ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേനെ കീഴടങ്ങാൻ അനുവദിക്കണമെന്നും കോടതിയിൽ അഭിഭാഷകൻ വഴി സമർപ്പിച്ച ഹർജിയിൽ റഹീം ആവശ്യപ്പെട്ടിരുന്നു. ഹർജി പരിഗണിക്കാനുള്ള നടപടികൾ സിജെഎം കോടതിയിൽ തുടരുന്നതിനിടെയാണ് പോലീസ് കോടതിയിൽ എത്തി റഹീമിനെ പിടികൂടി കൊണ്ടു പോയത്.

അതേസമയം, തമിഴ്‌നാട് പോലീസും കേരള പോലീസും കോയമ്പത്തൂരിലെത്തിയ ശേഷം വിവരങ്ങളൊന്നും ലഭിക്കാത്ത അജ്ഞാത ഭീകരസംഘത്തിന് വേണ്ടി വ്യാപകമായി തെരച്ചിൽ നടത്തി വരികയാണ്. പിന്നാലെ ലഷ്‌കർ ബന്ധം സംശയിക്കുന്ന പത്തോളം പേരെ ഇന്നും ഇന്നലെയുമായി തമിഴ്‌നാട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കേരളത്തിലെ ചില വ്യക്തികൾക്ക് ഐഎസ്, ശ്രീലങ്കൻ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ സംശയിക്കുന്നത്. അവരിൽപ്പെട്ടയാളാണോ അബ്ദുൾ ഖാദർ റഹീം എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്ന കാര്യം.

എന്നാൽ തന്റെ ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട് താൻ ബഹ്‌റൈനിൽ ചിലപ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിരുന്നെന്നും അതിന്റെ ബാക്കിപത്രമാണ് ഈ ആശങ്കയും തനിക്കെതിരെ ഉയർന്ന തീവ്രവാദ ആരോപണമെന്നുമാണ് റഹീമിന്റെ വാദങ്ങൾ. ഇയാളെ ചോദ്യം ചെയ്യാനായി തമിഴ്‌നാട് പോലീസ് ഉടൻ കൊച്ചിയിലെത്തും.

Exit mobile version