‘മണ്ഡലകാല പൂജകള്‍ക്കായി നട 17ന് തുറക്കും, 20നുള്ളില്‍ ശബരിമലയില്‍ എത്തി അയ്യപ്പനെ തൊഴും’ നിലപാടില്‍ ഉറച്ച് തൃപ്തി ദേശായി

16 നും 20 നും ഇടയിലുള്ള ഏതെങ്കിലുമൊരു ദിവസം എത്തി അയ്യപ്പദര്‍ശനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പത്തനംതിട്ട: ശബരിമലയില്‍ ഉടനെ എത്തുമെന്ന സൂചന നല്‍കി ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. മണ്ഡലമകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്പോള്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നട തുറന്ന് 20-ാം തീയ്യതിക്കുള്ളില്‍ ക്ഷേത്രത്തിലെത്തുമെന്ന് തൃപ്തി അറിയിച്ചു.

16 നും 20 നും ഇടയിലുള്ള ഏതെങ്കിലുമൊരു ദിവസം എത്തി അയ്യപ്പദര്‍ശനം നടത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്. ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കത്തു നല്‍കുമെന്നും തൃപ്തി ദേശായി മുന്‍കൂട്ടി പറഞ്ഞിരുന്നു.

സുപ്രീംകോടതി വിധി വരുന്നതിനു മുന്‍പ് തന്നെ വിലക്ക് ലംഘിച്ച് ശബരിമലയില്‍ കയറുമെന്ന് പ്രഖ്യാപിച്ച വ്യക്തിയായിരുന്നു തൃപ്തി ദേശായി. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു.

Exit mobile version