ഹംസയുടെ ബന്ധുക്കളൊഴികെ നാല് കുടുംബങ്ങളും സമ്മതിച്ചു; പുത്തുമലയിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു

എന്നാൽ പുത്തുമല സ്വദേശി ഹംസക്ക് വേണ്ടി ഒരിക്കൽ കൂടി തെരച്ചിൽ നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്ത്

കൽപ്പറ്റ: ഉരുൾപൊട്ടൽ തകർത്ത വയനാട് മേപ്പാടി പഞ്ചായത്തിലെ പുത്തുമലയിലെ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. ദേശീയദുരന്തനിവാരണസേനയുടെ നേതൃത്വത്തിലെ തെരച്ചിലാണ് അവസാനിപ്പിച്ചത്. ഇനി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രാദേശികമായി തെരച്ചിലുണ്ടാവും. പുത്തുമല ദുരന്തത്തിൽപ്പെട്ട് കാണാതായ അഞ്ച് പേരിൽ നാലു പേരുടേയും കുടുംബങ്ങൾ തെരച്ചിൽ അവസാനിപ്പിക്കുകയാണെന്ന തീരുമാനം അംഗീകരിച്ചു.

എന്നാൽ പുത്തുമല സ്വദേശി ഹംസക്ക് വേണ്ടി ഒരിക്കൽ കൂടി തെരച്ചിൽ നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്ത് തിങ്കളാഴ്ച പോലീസും ഫയർഫോഴ്‌സും പുത്തുമലയിലെ മസ്ജിദിനോട് ചേർന്ന് തെരച്ചിൽ നടത്തും.

16 ദിവസം നീണ്ട തെരച്ചിൽ പ്രവർത്തനങ്ങളിൽ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു. അഞ്ചു പേരെയാണ് ഇനിയും ദുരന്തഭൂമിയിൽ നിന്നും കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിലുകളിൽ ആരുടേയും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇതോടെയാണ് കാണാതായവരുടെ ബന്ധുക്കളോട് ചർച്ച നടത്തി ഭാവി നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. പിന്നാലെ, മേപ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു. മനുഷ്യസാധ്യമായ എല്ലാ രീതിയിലും തെരച്ചിൽ നടത്തിയെന്നും ലഭ്യമായ എല്ലാ സംവിധാനങ്ങളും തെരച്ചിലിന് വേണ്ടി ഉപയോഗിച്ചെന്നും യോഗത്തിൽ പങ്കെടുത്ത ദേശീയദുരന്തനിവാരണസേന, അഗ്നിരക്ഷാസേന, പോലീസ്, സന്നദ്ധസംഘടനകൾ എന്നിവരുടെ പ്രതിനിധികൾ കാണാതായവരുടെ ബന്ധുക്കളെ അറിയിച്ചു.

ജില്ലാ ഭരണകൂടം നടത്തിയ തെരച്ചിൽ സംതൃപ്തിയുണ്ടെന്നും തെരച്ചിൽ അവസാനിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായും ഇനിയും കണ്ടെത്താനുള്ള അഞ്ചിൽ നാലു പേരുടേയും കുടുംബാംഗങ്ങൾ യോഗത്തെ അറിയിച്ചു.

യോഗത്തിൽ സികെ ശശീന്ദ്രൻ എംഎൽഎ, സബ് കളക്ടർ എൻഎസ്‌കെ ഉമേഷ്, പഞ്ചായത്ത് പ്രസിഡന്റ് കെകെ സഹദ് എന്നിവർ പങ്കെടുത്തു.

Exit mobile version