ദുരന്തഭൂമിയില്‍ പ്രതീക്ഷയായി കുഞ്ഞ് റൊവാന്‍

കവളപ്പാറ: ഭൂമി കലിതുള്ളി അമ്പതിലധികം ജീവനെടുത്ത കവളപ്പാറ ദുരന്തഭൂമിയില്‍ പുത്തന്‍ പ്രതീക്ഷയായി കുഞ്ഞ് റൊവാന്‍. കവളപ്പാറ പാലക്കുന്നത്ത് രാജേഷ് ഡൊമിനിക്കിന്റെ ഭാര്യ ഷൈമയാണ് ഉരുള്‍പൊട്ടലിനെയും പ്രളയത്തെയും അതിജീവിച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

‘റൊവാന്‍’ എന്നാല്‍ ജലത്തെ കടന്നുവന്നവന്‍ എന്നര്‍ഥം. ഓഗസ്റ്റ് 8ന് ആദ്യ ഉരുള്‍പൊട്ടലില്‍ വീടിനിരുവശവുമുള്ള തോടുകളിലൂടെ വെള്ളം കുത്തിയൊലിച്ചുവന്ന് രാജേഷിന്റെ വീടും മുങ്ങി. തോടിനക്കരെ നിന്നും വടംകെട്ടി കഴുത്തൊപ്പം വെള്ളത്തിലാണ് രാജേഷ് ഷൈമയെ വീടിനു പുറത്തെത്തിച്ചത്.

അന്നുരാത്രി കുന്നിനുമുകളിലുള്ള പഴയ വീട്ടില്‍ കഴിഞ്ഞശേഷം പിറ്റേന്ന് ഷൈമയെ ബന്ധുവീട്ടിലേക്കു മാറ്റി. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലാണ് റൊവാന്‍ പിറന്നത്. ഈ ദിവസങ്ങളിലെല്ലാം രാജേഷ് പ്രദേശത്തെ യുവാക്കള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളിലായിരുന്നു. മക്കളായ റോഹനും റെയാനും സെറയുമാണ് അമ്മയ്ക്കു കൂട്ടുനിന്നത്.

Exit mobile version