പ്രളയം; ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ ലഭിക്കാനായി അപേക്ഷിക്കാം; അവസാന തീയ്യതി സെപ്തംബര്‍ 15

അപേക്ഷകര്‍ ടിഡിആര്‍ സഹായമാണ് അപേക്ഷിക്കേണ്ടത്

കൊച്ചി: പ്രളയം മൂലം ട്രെയിന്‍ യാത്ര തടസ്സപ്പെട്ടവര്‍ക്ക് പണം തിരികെ ലഭിക്കാനായി അപേക്ഷിക്കാം.
സെപ്തംബര്‍ 15 വരെ റീഫണ്ടിനായി അപേക്ഷിക്കാമെന്ന് റെയില്‍വേ അറിയിച്ചു. അപേക്ഷകര്‍ ടിഡിആര്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

പ്രളയം കാരണം ട്രെയിനുകള്‍ പലതും റദ്ദ്‌ചെയ്യുകയും പലയിടങ്ങളില്‍ വെച്ച് യാത്ര അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ യാത്രയ്ക്കായി ടിക്കറ്റ് എടുത്ത പലരും പ്രതിസന്ധിയിലായി. യാത്ര തടസ്സപ്പെട്ടവര്‍ക്ക് പണം തിരികെ ലഭിക്കുന്നതിനായി വഴിയൊരുക്കുകയാണ് റെയില്‍വേ ഇപ്പോള്‍.

റീഫണ്ടിനായി അടുത്തമാസം 15 വരെ അപേക്ഷിക്കാമെന്ന് റെയില്‍വേ അറിയിച്ചു. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത് ഓണ്‍ലൈനായി ടിഡിആര്‍ (ടിക്കറ്റ് ഡിപ്പോസിറ്റ് റെസീപ്റ്റ്) ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ ടിക്കറ്റിന്റെ പകര്‍പ്പും യാത്ര മുടങ്ങാനുണ്ടായ കാരണവും വ്യക്തമാക്കി അപേക്ഷ സമര്‍പ്പിക്കണം.

റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്നെടുത്ത ടിക്കറ്റുകള്‍ക്കു സ്റ്റേഷനുകളില്‍ നിന്നുതന്നെ ടിഡിആര്‍ ലഭിക്കും. ഈ ടിഡിആര്‍ സഹിതമാണ് അപേക്ഷ അയയ്‌ക്കേണ്ടത്. ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍, പാസഞ്ചര്‍ മാര്‍ക്കറ്റിങ്, സതേണ്‍ റെയില്‍വേ, 5ാം നില, മൂര്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ്, പാര്‍ക്ക് ടൗണ്‍, ചെന്നൈ 600003 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്.

Exit mobile version