ലോണ്‍ അടയ്ക്കാന്‍ പോകും വഴി വീട്ടമ്മയ്ക്ക് കിട്ടിയത് 500ന്റെ നോട്ട് കെട്ട്; കടത്തില്‍ മുങ്ങി നിന്നിട്ടും സത്യസന്ധത മുറുകെ പിടിച്ച് ഷക്കീല, ഉടമയെ തേടിപിടിച്ച് തിരികെ നല്‍കി, മാതൃക

ടത്തില്‍ മുങ്ങി നിന്നിട്ടും സത്യസന്ധത വിട്ട് ജീവികകാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല.

കൊച്ചി: ലോണ്‍ അടയ്ക്കാന്‍ പോകും വഴി റോഡില്‍ കിടന്നു കിട്ടിയ 500ന്റെ നോട്ട് കെട്ട് ഉടമസ്ഥനെ തേടിപിടിച്ച് തിരികെ നല്‍കി ഷക്കീല. പ്രളയത്തില്‍ വീട് താറുമാറായി, ഹൗസിങ് ലോണ്‍ അടയ്ക്കുവാന്‍ വേണ്ടി ബുദ്ധിമുട്ടുകള്‍ ഏറെ സഹിച്ചു. ഭര്‍ത്താവ് നൗഷാദ് പലരില്‍ നിന്നുമായി കടം വാങ്ങിയും മറ്റുമാണ് പണം ഒപ്പിച്ചത്. ഇതുമായി മറ്റൂരിലെ ഫാര്‍മേഴ്‌സ് സഹകരണ ബാങ്കില്‍ അടയ്ക്കാന്‍ പോകുമ്പോഴാണ് ഷക്കീല പണക്കെട്ട് കണ്ടത്.

കടത്തില്‍ മുങ്ങി നിന്നിട്ടും സത്യസന്ധത വിട്ട് ജീവിക്കാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. ഷക്കീലയ്ക്കു കാലടി ബസ് സ്റ്റാന്‍ഡിന്റെ സമീപത്തു നിന്നാണു 500ന്റെ നോട്ട്‌ കെട്ട് ലഭിച്ചത്. ഇത് 60,000 രൂപയുണ്ടായിരുന്നു. പണം കിട്ടിയപ്പാടെ പഞ്ചായത്ത് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വാലസ് പോളിനെ വിവരമറിയിക്കുകയായിരുന്നു. വാലസിന്റ നിര്‍ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് കെ തുളസിയെ പണം ഏല്‍പ്പിക്കുകയും ചെയ്തു. എത്ര രൂപയുണ്ടെന്നു പോലും നോക്കാതെയാണ് ഷക്കീല പണം ഏല്‍പ്പിച്ചത്. പിന്നീട് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തിയ അന്വേഷണത്തില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ രമേശന്റേതാണു പണമെന്നു കണ്ടെത്തി.

തുക ഉടമസ്ഥനു കൈമാറുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഷക്കീലയുടെ വീടു പ്രളയത്തില്‍ മുങ്ങിയിരുന്നു. വീട്ടിലെ സാധനസാമഗ്രികള്‍ മിക്കതും നശിച്ചു. ഇപ്പോഴും വീടു പൂര്‍ണ്ണമായും താമസയോഗ്യമായിട്ടില്ല. കടം പെരുകി വന്നപ്പോഴും ഷക്കീലയുടെ മനസില്‍ ആശ്വാസമായിരുന്നു. യഥാര്‍ത്ഥ കൈകളില്‍ ആ പണം എത്തിയതിന്റെ സന്തോഷം. പനയാലിയിലെ സ്വകാര്യ കമ്പനിയിലാണു ഷക്കീല ജോലി ചെയ്യുന്നത്. ഭര്‍ത്താവ് നൗഷാദിനു കൂലിപ്പണിയാണ്. 3 മക്കളുണ്ട്. ഷക്കീലയുടെ സത്യസന്ധതയെ കാലടി മേഖല റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വീട്ടിലെത്തി അനുമോദിച്ചു.

Exit mobile version